കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്ക് വികസന കുതിപ്പിലേക്ക്; ആധുനികവൽക്കരണത്തിനു സർക്കാർ അംഗീകാരം ലഭിച്ചു
കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമുള്ള മൃഗസംരക്ഷണ സ്ഥാപനമായ കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്ക് വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയരാനുള്ള വഴി തുറന്നു. രോഗനിർണ്ണയ സംവിധാനങ്ങളിൽ ആധുനികവൽക്കരണത്തിനു വഴിതുറക്കുന്ന പദ്ധതിക്ക് സർക്കാർ തലത്തിൽ അംഗീകാരം ലഭിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഡെന്നിസ് തോമസ് തയാറാക്കിയ പ്രപ്പോസൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കാൻ തീരുമാനിക്കുകയും തുടർന്ന് വിശദമായ പദ്ധതി തയാറാക്കുകയുമായിരുന്നു. തുടർന്ന് 2021-22 വർഷത്തിൽ നടപ്പിലാക്കാനായി ബ്ലോക്ക് പഞ്ചായത്ത് 4 ലക്ഷം രൂപ നീക്കിവച്ചു. ജില്ലാ ആസൂത്രണ സമിതിയുടെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെയും അംഗീകാരം കൂടി ലഭിച്ചതോടെ പദ്ധതി ഇനി നിർവ്വഹണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ് പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ മൃഗസംരക്ഷണ രംഗത്ത് മികച്ച ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമാകും. ഇതോടെ, ആധുനിക ഉപകരണങ്ങളുടെ പിൻബലത്തോടെ ഉന്നത നിലവാരമുള്ള രോഗനിർണ്ണയവും ചികിത്സയും കർഷകർക്ക് ലഭ്യമാകും. സ്ഥാപനത്തിന്റെ മികവിനും തുടർവികസനത്തിനുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൂടുതൽ പദ്ധതികൾ തയാറാകുന്നതായി പ്രസിഡന്റ് ശ്രീമതി അജിത രതീഷ് , സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഡെന്നിസ് തോമസ് എന്നിവർ അറിയിച്ചു.