പട്ടയവിതരണം ത്വരപ്പെടുത്താൻ പ്രത്യേകസംഘം – മന്ത്രി കെ.രാജൻ
• റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ കൂടിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ സംസാരിക്കുന്നു
പട്ടയവിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും
കാഞ്ഞിരപ്പള്ളി താലൂക്കിലെ എയ്ഞ്ചൽവാലി-പമ്പാവാലി മേഖലയിൽ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കുമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ കൂടിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കർമപദ്ധതിയും സമഗ്രമായ റിപ്പോർട്ടും ഒരാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടറെയും സർവേ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. കർമപദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലണ്ടർ തയ്യാറാക്കിനൽകാനും ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ സർവേ-റവന്യൂ ജീവനക്കാർ, സർവേ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവ നൽകും. ഫെബ്രുവരിയിൽത്തന്നെ പ്രത്യേകസംഘത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
കളക്ടർ ഡോ. പി.കെ.ജയശ്രീ, സർവേ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, എ.ഡി.എം. ജിനു പുന്നൂസ്, സബ്കളക്ടർ രാജീവ്‌കുമാർ ചൗധരി, എന്നിവർ പങ്കെടുത്തു.