മണിക്കലിലെ തടാകം ടൂറിസം പദ്ധതി സ്വകാര്യവത്കരിക്കുന്നതിൽ പ്രതിഷേധം
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ മണിക്കൽ തിലകൻ സ്മാരക തടാക ടൂറിസം ഇല്ലാതാക്കാൻ യു.ഡി.എഫ്. ശ്രമമെന്ന് പ്രതിപക്ഷം.
പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് ഉപരോധിച്ചു.
ദിനംപ്രതി 15,000-രൂപയിലേറെ വരുമാനമുണ്ടായിരുന്ന പദ്ധതി കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിപ്പിച്ചില്ല.
തടാകവും ചെക്ക് ഡാമും പെഡൽ ബോട്ടുകളും നശിച്ചനിലയിലാണ്. പദ്ധതി സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടത്തുന്നത്.
പദ്ധതി സ്വകാര്യവത്കരിക്കുമ്പോൾ ഇവിടെ ജോലിചെയ്യുന്ന നാല് ആളുകളുടെ തൊഴിൽ നഷ്ടമാകും. പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങളായ എം.സി.സുരേഷ്, പ്രഭാവതി ബാബു, പി.വൈ.നിസാർ, പി.ആർ.ബിജു, വി.എൻ.ജാൻസി, സാലിക്കുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഉപരോധിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രബാബു, ബേബി മാത്യു, എ.ബിജു എന്നിവർ പ്രസംഗിച്ചു.