കാട്ടാനക്കൂട്ടം കാടിറങ്ങി.. പമ്പാവാലി, കണമല നിവാസികൾ ഭീതിയിൽ..

കണമല : കാട്ടാനക്കൂട്ടം കാടിറങ്ങി നാട്ടിലാകെ വിലസിയപ്പോൾ പരിഭ്രാന്തിയിൽ നാട്ടുകാർ. അഴുതാ നദിയിൽ കുളിക്കാൻ അതി രാവിലെ ചെന്നവർ കണ്ടത് ആറ് ആനകളുടെ നീരാട്ട്. കൂടാതെ ഒരു ഒറ്റയാനും. കണമല, ഇടകടത്തി കോസ്‌വേ പാലങ്ങളുടെ സമീപമാണ് ഒറ്റയാന്റെ സാന്നിധ്യം.

കഴിഞ്ഞ ദിവസം രാവിലെ കാളകെട്ടി അഴുതാ നദിയിൽ കുളിക്കാൻ പതിവ് പോലെ ചെല്ലുമ്പോഴാണ് ആറ് ആനകൾ നദിയിൽ കുളിക്കുന്നത് കണ്ടത്. ഞെട്ടി പിന്തിരിഞ്ഞ് ഓടി രക്ഷപെട്ട നാട്ടുകാരിൽ ഇപ്പോഴും ഭീതി മാറിയിട്ടില്ല. യാദൃശ്ചികമായാണ് ഇവർ ആനയെ കണ്ടത്. കുളിക്കാൻ നദിയിൽ ഇറങ്ങിയ ഇവർ ഭയന്നുപോയി.

മുമ്പ് ഇതേപോലെ കുളിക്കാൻ ചെന്ന അമ്മയെയും മകനെയും ആന ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുളിക്കടവിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷ അന്ന് ആന തകർക്കുകയും ചെയ്തു. കണമല പാലത്തിന് താഴെ പമ്പയാറിന്റെ തീരത്താണ് ദിവസങ്ങളായി ഒറ്റയാൻ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീരത്തെ മരങ്ങൾ ആന പിഴുതു നശിപ്പിച്ചു. വലിയ പന മരം ആന ചിന്നഭിന്നമാക്കി.

ഇടകടത്തിയിലെ അറയാഞ്ഞിലിമണ്ണ് പാലത്തിന്റെ സമീപത്തും ഒറ്റയാൻ ആനയുടെ സാന്നിധ്യം നാളുകളായുണ്ട്. കഴിഞ്ഞ ദിവസം എരുത്വാപ്പുഴ മലവേടർ ആദിവാസി കോളനിയിലെ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു.

വേനൽ രൂക്ഷമായതോടെ വനത്തിൽ ജലസാന്നിധ്യം നഷ്‌ടമായതും ഭക്ഷ്യ വിഭവങ്ങൾക്ക് ക്ഷാമം നേരിട്ടതുമാണ് ആനകൾ കൂട്ടത്തോടെ കാട് വിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞയിടെ കുരുമ്പൻമുഴി മേഖലയിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം മൂലക്കയത്ത് ആനയുടെ ജഡം കരയ്ക്കടിഞ്ഞിരുന്നു.

ശബരിമല വന മേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കിഴക്കൻ മേഖല. കൃഷിയാണ് നാട്ടുകാരുടെ പ്രധാന വരുമാന മാർഗം. എന്നാൽ വന്യ മൃഗങ്ങൾ മൂലം കൃഷി നിർത്തിക്കൊണ്ടിരിക്കുകയാണ് മിക്കവരും. ആനകളും പന്നികളും കുരങ്ങൻമാരും പോത്തുകളും ഉൾപ്പടെ വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവായി മാറിക്കഴിഞ്ഞു. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള നടപടികൾ വനം വകുപ്പിൽ സ്വീകരിക്കാത്തത് മൂലം മൃഗങ്ങളുടെ കാടിറക്കം വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വനത്തിന്റെ അതിർത്തികളിൽ മൃഗങ്ങളെ തടയാൻ വൈദ്യുതി പ്രവഹിക്കുന്ന സോളാർ വേലികൾ വെച്ചതൊക്കെ മൃഗങ്ങൾ തകർത്തിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ടാണ് വേലികൾ വെച്ചത്. ഇവ പുനർ നിർമിക്കാനും തകരാർ പരിഹരിക്കാനും ഒപ്പം സ്ഥിരമായി പരിപാലിക്കാണും തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

error: Content is protected !!