ബസ്സ് അപകടത്തിൽ പെട്ട് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുപോകൂന്ന വഴിയിൽ, വണ്ടി മറഞ്ഞു വീണ്ടും അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ..
കാഞ്ഞിരപ്പള്ളി : മുണ്ടക്കയം ചോറ്റിയിൽ വച്ച് ബസ്സിൽ കയറുവാൻ ശ്രമിക്കുന്നതിനിടയിൽ, ബസ് മുൻപോട്ട് എടുത്തതോടെ താഴെവീണ വീട്ടമ്മയുടെ കാലിൽക്കൂടി ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. ചിറ്റടി വയലിപറമ്പിൽ ലില്ലിക്കുട്ടി ജോസ് (56) ആണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളി കൽക്കട്ട ട്രേഡേഴ്സിലെ ജീവനക്കാരിയാണ് ലില്ലിക്കുട്ടി. രാവിലെ ഓഫിസിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഒരു ഓട്ടോയിൽ അടിയന്തിരമായി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി പാറത്തോടിന് പള്ളിപടിക്ക് സമീപം ഓട്ടോ മറിഞ്ഞ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് കൂടി പരിക്ക് പറ്റി. രണ്ടാം അപകടത്തോടെ നേരത്തെ പരിക്കേറ്റ വീട്ടമ്മയുടെ സ്ഥിതി കൂടുതൽ ഗുരുതരാവസ്ഥയിൽ ആവുകയും, ഒപ്പം സഞ്ചരിച്ചിരുന്ന ബസ് കണ്ടക്ടർ കോരുത്തോട് എലവുപാറയിൽ എബിൻ സെബാസ്റ്റ്യൻ , ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക പാറേപ്പറമ്പിൽ സ്വദേശി വിജയൻ പി ആർ എന്നിവർക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തിൽ വിജയന്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു.
പരുക്കേറ്റവേറെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന സൈക്കോ എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.