183-എ- മുണ്ടക്കയം – ഭരണിക്കാവ് പുതിയ ദേശീയ പാത : മുണ്ടക്കയം മുതൽ കണമല വരെ രൂപരേഖയായി..

മുണ്ടക്കയം: കൊല്ലം-തേനി ദേശീയ പാതയ്‌ക്ക് സമാന്തരമായി ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെ നിർമിക്കുന്ന ദേശീയപാതയുടെ റൂട്ട് പരിശോധിച്ചു. കണമല മുതൽ മുണ്ടക്കയം വരെയുള്ള അലൈൻമെന്റ് അന്തിമമാക്കാൻ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത്, ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു.

കൊല്ലം-തേനി ദേശീയപാതയുടെ സമാന്തര പാതയായാണ് 183-എ. (അഡീഷണൽ) കണമല മുതൽ മുണ്ടക്കയം വരെ കടന്നുപോവുക. മുണ്ടക്കയം, എരുമേലി, മുക്കൂട്ടുതറ ടൗണുകളിൽ ഗതാഗത തടസ്സം കുറയുന്ന വിധത്തിൽ ടൗണുകൾ ഒഴിവാക്കിയാണ് പാത നിശ്ചയിച്ചതെന്ന് എം.എൽ.എ. അറിയിച്ചു. മുണ്ടക്കയം സെൻറ് ആൻറണീസ് സ്കൂൾ ജങ്ഷനിൽനിന്ന് ആരംഭിക്കും. കൊക്കയാറിൽ പുതിയ പാലം നിർമിക്കുന്നതോടൊപ്പം മൈക്കോളജി റോഡിലും കോരുത്തോട് റോഡിൽ മേൽപ്പാലം നിർമിക്കും.

ഇതിലൂടെ എസ്.എൻ.സ്കൂൾ ജങ്ഷനിലൂടെ നിലവിലെ മുണ്ടക്കയം-എരുമേലി റോഡിൽ പാത എത്തും. തുടർന്നുള്ള പാത വീതി കൂട്ടി അനുബന്ധ പ്രവർത്തനങ്ങളും നടത്തി നിലവാരം വർധിപ്പിച്ചാണ് ദേശീയ പാതയായി മാറുന്നത്. മുണ്ടക്കയം-എരുമേലി റോഡിൽ കണ്ണിമല മഠംപടി മുതൽ ബാങ്ക് പടി വരെ പുതിയ ബൈപ്പാസ് നിർമിക്കും. നിലവിലുള്ള റോഡിലെ അപകടകരമായ വളവുകളും, കുത്തിറക്കങ്ങളും, ചെങ്കുത്തായ കയറ്റങ്ങളും ഒഴിവാക്കിയാണ് 30 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമിക്കുക. പേരൂർത്തോട് പ്രപ്പോസ് ഭാഗത്തുനിന്നാണ് പാത മുക്കൂട്ടുതറ റോഡിലേക്ക് പ്രവേശിക്കുക. പ്രപ്പോസ് ഗേറ്റ് ഭാഗത്തുള്ള വീടുകളും കുരിശടിയും നിലനിർത്താനായി കുടുക്കവള്ളി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തുവെച്ച് പാത തിരിഞ്ഞ് റബ്ബർ എസ്റ്റേറ്റ് വഴി കടന്നുപോകും.

എസ്റ്റേറ്റിലൂടെ എം.ഇ.എസ്. കോളേജിന് സമീപത്തെ പള്ളിയുടെ സമീപത്ത് പാത എത്തും. മുക്കൂട്ടുതറ മാറിടം കവലയിൽ നിന്നു പാലാമ്പടം റബ്ബർ എസ്റ്റേറ്റ് വഴി 35 ജങ്‌ഷനിൽ പാത എത്തിച്ചേരും. ഇവിടെ നിന്ന് കണമല പാലം ജങ്ഷനിലെത്തി പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കണമല മുതൽ മുണ്ടക്കയം വരെയുള്ള 28 കിലോമീറ്റർ ആണ് നിർദിഷ്‌ട പാതയിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റോഡുകളിൽ 14 മീറ്ററും പുതിയതായി ഏറ്റെടുത്തത് നിർമിക്കുന്ന റോഡിൽ 30 മീറ്ററും വീതിയുണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കും.

വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷടപരിഹാരം നൽകും. മുണ്ടക്കയം, എരുമേലി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറുമാരായ രേഖാ ദാസ്, തങ്കമ്മ ജോർജുകുട്ടി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.കെ.പ്രദീപ്കുമാർ, ദിലീഷ് ദിവാകരൻ, സി.വി.അനിൽകുമാർ, ബെന്നി ചേറ്റുകുഴി, ബിൻസി മാനുവൽ, പ്രസന്ന ഷിബു, സുലോചന സുരേഷ്, റേച്ചൽ കെ.ടി. ജാൻസി തൊട്ടിപ്പാട്ട്, ജോമി തോമസ്, നാസർ പനച്ചി, ബിനോയ് ഇലവുങ്കൽ, പൊതുപ്രവർത്തകരായ ബേബി കണ്ടത്തിൽ, ബിനു തത്തകാടൻ, ബേബിച്ചൻ പ്ലാക്കാട്ട്, ദേശീയപാത ഉദ്യോഗസ്ഥരായ സിനി മെറിൻ ഏബ്രഹാം (അസി. എക്സിക്യുട്ടീവ് എൻജിനീയർ), ഓവർസീയർമാരായ മിനിമോൾ, കെ. ജി. സേതുലക്ഷ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!