ജഡ്ജി അമ്മാവന് വേണ്ടി ഒരു ക്ഷേത്രം അതാണ് ചെറുവള്ളി ശ്രീദേവീ ക്ഷേത്രം:
ഒട്ടനവധി അപൂർവ്വതകളും ആചാരസവിശേഷതകളും പരിപാലിച്ചുപോരുന്ന ക്ഷേത്രമാണ് ചെറുവള്ളി ശ്രീദേവീക്ഷേത്രം (Cheruvally Sree Devi Temple, Cheruvally, Kottayam Dist.). 1100 വർഷങ്ങളുടെ ചരിത്രപാരമ്പര്യം ഉൾക്കൊള്ളുന്ന സങ്കേതം. 800 വർഷങ്ങൾക്കുമുൻപാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. കാലക്രമേണ ഇവിടെ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറിയേറിപ്പാർത്ത ഭക്തജനങ്ങൾ ഒപ്പമുള്ള ചെറുവള്ളിലമ്മയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും കാവുകൾ തീർത്ത് ആരാധിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുവള്ളിക്കാവുകളുടെ മൂലക്ഷേത്രമാണ് ഈ ചെറുവള്ളി ശ്രീദേവിക്ഷേത്രം. ഗണപതി, ശാസ്താവ്, മഹാവിഷ്ണു, ശിവപാർവ്വതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, വീരഭദ്രൻ, രക്ഷസ്സ്, സർപ്പങ്ങൾ, യക്ഷി, കൊടുംകാളി, ജഡ്ജിയമ്മാവൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
ഐതിഹ്യം
ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്നതിന്റെ പടിഞ്ഞാറുഭാഗത്തുള്ള കറുത്തമഞ്ഞാടി എന്ന സ്ഥലത്താണ് ദേവി ആദ്യമായി സാന്നിദ്ധ്യം അറിയിച്ചത്. മൂർച്ചയുള്ള ആയുധവുമായി കാട്ടുകിഴങ്ങുകൾ ശേഖരിക്കുകയായിരുന്നു ഒരു ഗിരിവർഗ്ഗ സ്ത്രീ. ആയുധം ഒരു കല്ലിൽ തട്ടുകയും കല്ലിൽ നിന്ന് രക്തം പുറത്തുവരികയും ചെയ്തു. ദേവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ഒരു ഭക്തന്റെ കുടമേലിരുന്ന് ഇപ്പോഴത്തെ ദേവസ്ഥാനത്ത് എത്തുകയും ചെയ്തു. അവിടെനിന്ന് അദ്ദേഹം നീരാടാനിറങ്ങിയപ്പോൾ ദേവീചൈതന്യം ജലത്തിൽ വ്യാപിക്കുകയും ചെയ്തു. പിന്നീട് ഇപ്പോൾ പാട്ടമ്പലം സ്ഥിതിചെയ്യുന്ന സ്ഥലത്ത് അധിവസിച്ചു. ഇവിടെയാണ് ഇപ്പോൾ കളമെഴുത്തും പാട്ടും നടത്തിവരുന്നതും. ഒരു ചെറിയ വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന രീതിയിലാണ് അമ്മ ഭക്തർക്ക് ആദ്യം ദർശനം നൽകിയത്. അങ്ങനെയാണ് ഈ ഗ്രാമത്തിന് ചെറുവള്ളി എന്ന പേര് ലഭിച്ചത്. ആദ്യ ദർശനം നൽകിയ സ്ഥലത്താണ് ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്നതും മൂലവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നതും.
ക്ഷേത്രക്കുളം
ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ പടവുകളിറങ്ങുന്നത് നേരെ ക്ഷേത്രക്കുളത്തിലേക്കാണ്. ഈ ജലാശയത്തിനും ദേവചൈതന്യമുണ്ട്. കറുത്തമഞ്ഞാടിയിൽ പ്രത്യക്ഷപ്പെട്ട ദേവി ഒരു ഭക്തന്റെ കുടപ്പുറത്ത് യാത്രചെയ്ത് ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തുകയും ഈ ജലാശയത്തിൽ കുടികൊള്ളുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ക്ഷേത്രക്കുളത്തിലെ മത്സയ്ങ്ങൾക്ക് ധാന്യങ്ങൾ അർപ്പിക്കുന്നത് ഒരു പ്രധാന വഴിപാടാണ്. പക്കങ്ങൾ മാറുന്നതിനനുസരിച്ച് ചിറയിലെ വെള്ളത്തിന് നിറവ്യത്യാസം സംഭവിക്കുന്നുമുണ്ട്.
ആൽത്തറകൾ
ഗ്രാമത്തിന്റെ നാലുദിക്കിലും ആൽവൃക്ഷങ്ങളെ തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുവശത്തുള്ള ക്ഷേത്രഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് നീങ്ങുമ്പോഴാണ് രണ്ട് ആൽത്തറകൾ ഉള്ളത്. പടിഞ്ഞാറുഭാഗത്തുള്ള കറുത്തമഞ്ഞാടിയിൽ ആണ് ഒരു ആൽത്തറ. തെക്ക്, വടക്ക് എന്നീ പ്രദേശങ്ങളിലും ആൽത്തറകൾ ഉണ്ട്. ഈ ആൽത്തറകളിൽ നിന്നെല്ലാം കാവടിഘോഷയാത്രകൾ ആരംഭിക്കുന്നു. ഉത്സവവേളകളിൽ എല്ലാ ആൽത്തറകളിലേക്കും അമ്മയുടെ എഴുന്നള്ളത്തുണ്ട്.
ഉത്സവം, വാഹനം എഴുന്നള്ളിപ്പ്
മീനമാസത്തിലെ പൂരം നാളിന് ഏഴ് ദിവസം മുമ്പ് കൊടിയേറി പൂരത്തിന്റെ പിറ്റേന്ന് ആറാട്ട് നടക്കുകയാണ് ചെയ്യുന്നത്. മീനപ്പൂരദിവസത്തിലെ ഉത്സവദർശനത്തിൽ പങ്കെടുക്കുന്നത് സവിശേഷഭാഗ്യമായി കരുതിപ്പോരുന്നു. വാഹനം എഴുന്നള്ളിപ്പ് ആണ് മറ്റൊരു സവിശേഷ ചടങ്ങ്. ഉത്സവത്തിന്റെ നാലാം ദിവസം മുതൽ ഏഴാം ദിവസം വരെയാണ് വാഹനമെഴുന്നള്ളിപ്പ്. ചെറുവള്ളിലമ്മയുടെ മൂലബിംബമായ സ്വർണ്ണക്കണ്ണാടി ബിംബം പ്രതിഷ്ഠിച്ച വാഹനം ആണ് എഴുന്നള്ളിക്കുന്നത്. ഇപ്പോഴത്തെ ദേവസ്ഥാനത്ത് ഒരു വള്ളിയിൽ ഇരുന്ന് ഊഞ്ഞാലാടുന്ന രീതിയിൽ ദേവീചൈതന്യം ആദ്യം ദർശനം നൽകി എന്നാണ് ഏതിഹ്യം. ഇതിൽ ആഹ്ലാദചിത്തരായ ദേശവാസികൾ കാട്ടുകമ്പുകളാൾ ഒരു പല്ലക്ക് ഒരുക്കുകയും ദേവിയെ അതിൽ ഇരുത്തി ആർപ്പുവിളികളോടെ എഴുന്നള്ളിക്കുകയും ചെയ്തു. ഇതാണ് ഇന്ന് വാഹനം എഴുന്നളിപ്പ് ആയി തുടർന്ന് പോരുന്നത്. പാട്ടമ്പലത്തിൽ വച്ച് ഓരോദിവസവും വാഹനം അലങ്കരിക്കുന്നു. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതമെടുത്താണ് വാഹനം അലങ്കരിക്കുന്നത്. ദേവിയുടെ മൂലബിംബം വിശേഷാൽ പൂജകൾ നടത്തി, അലങ്കരിച്ച് പൂജിച്ച വാഹനത്തിൽ പ്രതിഷ്ഠിച്ച് ആണ് എഴുന്നള്ളിപ്പ് നടത്തുന്നത്. ദേവിയുടെ ഇച്ഛാനുസരണമുള്ള പാതയിലൂടെ ക്ഷേത്രത്തിനുചുറ്റും അഞ്ച് പ്രദക്ഷിണം. അനിശ്ചിതമായ ദിശയിലേക്ക് പെട്ടെന്ന് ന്നീങ്ങുമ്പോൾ മാർഗ്ഗതടസ്സം ഉണ്ടാകാതിരിക്കാനായി ഭക്തജനങ്ങൾ ഓടിമാറുന്നു. മാർഗ്ഗതടസ്സം ഉണ്ടാക്കിയാൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം.
ജഡ്ജിയമ്മാവൻ പ്രതിഷ്ഠ
മറ്റൊരിടത്തുമില്ലാത്ത ഒരു പ്രതിഷ്ഠ ചെറുവള്ളി ശ്രീദേവീക്ഷേത്രത്തിലുണ്ട്. ജഡ്ജിയമ്മാവൻ (Judji Ammavan) പ്രതിഷ്ഠ ആണിത്. വ്യവഹാരങ്ങളിൽ പെട്ട് ഉഴലുന്നവർക്ക് അനുഗ്രഹങ്ങൾ നൽകി രക്ഷപെടുത്തുന്ന ജഡ്ജിയമ്മാവൻ. തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയായിരുന്ന രാമവർമ്മപുരത്തുമഠം ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവൻ എന്ന പ്രതിഠയിലെ ചൈതന്യം. ചരിത്രം ഇങ്ങനെ: ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിൽ നിന്നും നൂറ്റാണ്ടുകൾക്കുമുൻപ് തിരുവല്ലയ്ക്കടുത്തുള്ള തലവടിയിലേക്ക് കുടിയേറിയവരാണ് രാമവർമ്മപുരത്തുമഠക്കാർ. ധർമ്മരാജയുടെ കൊട്ടാരം വൈദ്യനായിരുന്ന ഗോവിന്ദൻ ചെമ്പകരാമന്റെ അനന്തരവനായിരുന്നു സദർ കോടതി ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ള. തികഞ്ഞ നീതിബോധത്തോടെയുള്ള കർത്തവ്യനിർവ്വഹണം. കർശനമായ നീതിനിർവ്വഹണം രാജപ്രീതിക്കുപാത്രമാവുകയും ചെയ്തു. എന്നാൽ സ്വന്തം അനന്തരവൻ പത്മനാഭപിള്ളയെ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇദ്ദേഹം വധിക്കാനിടയായി. വിധിവൈപരീത്യം കൊണ്ടുണ്ടായ ഈ സംഭവം ജഡ്ജി ഗോവിന്ദപ്പിള്ളയെ മാനസികമായി ഏറെ തളർത്തി. നിരപരാധിയെ വധിച്ചതിന് യുക്തമായ ശിക്ഷ ഏറ്റുവാങ്ങണമെന്ന് സ്വയം നിശ്ചയിച്ചു. തനിക്കുള്ള ശിക്ഷ വിധിച്ച് നടപ്പാക്കാൻ രാജാവിനോട് അപെക്ഷിച്ചു. രാജാവ് അതിനു വിസമ്മതിച്ചു. ഒടുവിൽ, ശിക്ഷനടപ്പാക്കണമെന്ന ഗോവിന്ദപ്പിള്ളയുടെ നിർബന്ധത്തിന് രാജാവ് വഴങ്ങേണ്ടിവന്നു. എന്നാൽ രാജാവ് ശിക്ഷ വിധിച്ചില്ല. പകരം ഇങ്ങനെ ആവശ്യപ്പെട്ടു. ‘ജഡ്ജി സ്വയം ശിക്ഷ വിധിക്കുക. നാമത് നടപ്പാക്കാം.’ എന്ന് രാജാവ് അറിയിച്ചു. സ്വന്തം വധശിക്ഷയാണ് ജഡ്ജി വിധിച്ചത്. ഏറെ ഖേദത്തോടെ രാജാവത് നടപ്പാക്കി. ദുർമരണം ഏറ്റുവാങ്ങിയ ആത്മാവ് മോക്ഷം ലഭിക്കാതെ അലയുകയും കുടുംബത്തിലും നാട്ടിലും ഒട്ടേറെ അനർത്ഥങ്ങൾക്കു കാരണമാവുകയും ചെയ്തു. പ്രതിവിധികൾ ചെയ്തുവെങ്കിലും ദുർവ്വിധികൾ തുടർന്നുകൊണ്ടേയിരുന്നു. ധർമ്മദേവതയായ ചെറുവള്ളിഭഗവതിയുടെ സവിധത്തിൽ കുടിയിരുത്തിയാൽ അനർത്ഥങ്ങൾക്ക് അറുതിയാവുമെന്ന് ഒടുവിൽ പ്രശ്നവിധിയിൽ തെളിഞ്ഞു. അങ്ങനെയാണ് ചെറുവള്ളി ശ്രീദേവീക്ഷേത്രത്തിൽ ജഡ്ജിയമ്മാവൻ പ്രതിഷ്ഠ നടക്കുന്നത്. തെറ്റിദ്ധാരണയുടെ പേരിൽ വധിക്കപ്പെട്ട അനന്തരവൻ പത്മനാഭപിള്ളയെ തിരുവല്ല പനയന്നാർ കാവിലും പ്രതിഷ്ഠിക്കുകയുണ്ടായി. കേസുകളിൽ വിജയം നേടാൻ, തടസ്സങ്ങൾ മാറാൻ, ഉപകാരസ്മരണയ്ക്ക് എന്നിങ്ങനെ അനുഗ്രഹപ്രാപ്തിയ്ക്കായി ജഡ്ജിയമ്മാവനെ ശരണം പ്രാപിക്കുന്നു. അരിയട നേദിക്കുന്നതാണ് പ്രധാന വഴിപാട്. കരിക്ക്, വെറ്റില, അടയ്ക്ക എന്നിവ തിരുനടയിൽ അർപ്പിക്കാവുന്ന വഴിപാടുകളാണ്. ജഡ്ജിയമ്മാവൻശ്രീകോവിലിൽ വിളക്ക് ജ്വലിപ്പിച്ച് നേദ്യമർപ്പിച്ചാൽ ഉടൻതന്നെ വിളക്കണച്ച് ഈ നടയടയ്ക്കുന്നു.
കോട്ടയം ജില്ലയിലെ പൊൻകുന്നം-മണിമല റൂട്ടിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൊൻകുന്നത്തുനിന്നും 7കി.മീ. ദൂരം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം.