വിപണിയിൽ മങ്ങി മലേഷ്യൻ പഴങ്ങൾ

കാഞ്ഞിരപ്പള്ളി : ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചവയായിരുന്നു മലേഷ്യൻ പഴങ്ങൾ. റംബൂട്ടാൻ, ലിച്ചി, പുലാസാൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. മൂന്നുവർഷം മുൻപുവരെ 250 മുതൽ 300 രൂപവരെ വില ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ 80 രൂപമുതൽ 100 രൂപവരെ നിരക്കിൽ എവിടെയും സുലഭമാണ്.

മലേഷ്യൻ ഫലവൃക്ഷങ്ങൾ വ്യാപകമായി നട്ടുവളർത്തിയതോടെ ആവശ്യക്കാർ കുറഞ്ഞു. പ്രത്യേക പരിചരണമോ രോഗബാധയോ ഇല്ലാത്തതിനാൽ ഇവ മൂന്നു വർഷംകൊണ്ട്‌ കായ്ച്ചുതുടങ്ങും. കേരളത്തിലെ കാലാവസ്ഥ മലേഷ്യൻ ഫലവൃക്ഷങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യവുമാണ്. നാട്ടിൻപുറങ്ങളിലെ വീടുകളിൽ ഇവ സുലഭമായതോടെ ആവശ്യക്കാരില്ലാതെയായി.

കിഴക്കൻ മേഖലയിലെ റബ്ബർ തോട്ടങ്ങളിൽപോലും ഏക്കർ കണക്കിന് സ്ഥലങ്ങളിൽ ഇവ കൃഷി ചെയ്തവരും നിരവധിയാണ്. റബ്ബർ വെട്ടിമാറ്റിയ സ്ഥലത്ത് ഇടവിളയായി നിരവധി പേരാണ് മലേഷ്യൻ പഴച്ചെടികൾ നട്ടത്. മൂന്നുവർഷം മുൻപുവരെ ഇവ തേടി കച്ചവടക്കാർ വീടുകളിൽ എത്തുമായിരുന്നു. മരങ്ങൾക്ക് മോഹവില നൽകി വലകളിട്ട് പഴങ്ങളെ സംരക്ഷിക്കുന്നതും കച്ചവടക്കാരായിരുന്നു. നിലവിൽ 35 മുതൽ 40 രൂപ വിലയ്ക്കാണ് കർഷകരിൽനിന്ന്‌ പഴങ്ങൾ വാങ്ങുന്നത്. വളരെ പെട്ടെന്ന് കേടാകുന്നതിനാൽ ഇവ സൂക്ഷിച്ചുവയ്ക്കാനും ബുദ്ധിമുട്ടാണ് എന്നാണ് കച്ചവടക്കാരും പറയുന്നത്. വില കുറഞ്ഞിട്ടുപോലും ആവശ്യക്കാരും കുറവാണ്. നാണ്യവിളകളുടെ വിലയിടഞ്ഞതോടെയാണ് പലരും മലേഷ്യൻ പഴക്കൃഷിയിൽ പരീക്ഷണം നടത്തിയത്. എന്നാൽ, വില ഓരോ വർഷവും കുറഞ്ഞതോടെ മിക്കവരും മരങ്ങൾ മുറിച്ചുമാറ്റുകയാണ്.

error: Content is protected !!