ഈ ചാച്ചനും അമ്മച്ചിക്കും കൊച്ചുമക്കൾ 50; അവർ ജനിച്ചത് ഒരേ ആശുപത്രിയിൽ
ഒരു ചാച്ചനും അമ്മച്ചിക്കും മക്കൾ 13 പേർ… കൊച്ചുമക്കൾ 50 പേർ… ഈ 50 പേരും ജനിച്ചത് ഒരേ ആശുപത്രിയിൽ… ഈ അഭിമാനനേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം 35ാം മൈലിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി.
ആശുപത്രികളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് ഗൈനക്കോളജി വിഭാഗമുള്ള ആശുപത്രികളിൽ. എന്നാൽ ഇക്കഴിഞ്ഞ 13ന് വാണിയപ്പുരയ്ക്കൽ ഷിബു-അന്പിളി ദന്പതികൾക്ക് ഒരു പെണ്കുഞ്ഞ് ജനിച്ചപ്പോൾ അത് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഷിബുഅന്പിളി-ദന്പതികളുടെ ഏഴാമത്തെ കുഞ്ഞാണ് ജനിച്ചത്. ആ കുടുംബത്തിലെ അന്പതാമത്തെ കൊച്ചുമകളായിരുന്നു അവൾ. ഇവരുടെ ഏഴു മക്കൾക്കും ജന്മമൊരുക്കാൻ അവസരമുണ്ടായി എന്ന സന്തോഷം ഒരു വശത്തുനിൽക്കുന്പോൾ അന്പിളിയുടെ സഹോദരീസഹോദരന്മാരുടെ മറ്റു 49 മക്കളും ഇവിടെത്തന്നെയാണ് ജനിച്ചതെന്ന സന്തോഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് ഇരട്ടി മധുരമായി.
കുടുംബവിശേഷം
പെരുവന്താനം ഇടവകയിലെ പവ്വത്ത് കുടുംബത്തിലെ പി.ടി. തോമസ്-ത്രേസ്യാമ്മ ദന്പതികൾക്ക് 13 മക്കളാണ്. (പി.ടി. തോമസ് 2016 ജനുവരി 25നും ത്രേസ്യാമ്മ 2017 ഒാഗസ്റ്റ് 27നും നിര്യാതരായി.) മൂന്ന് ആൺമക്കളും ഒന്പതു പെണ്മക്കളും. ആണ്മക്കളിൽ മൂന്നുപേരും പെരുവന്താനത്തിന് അടുത്തുതന്നെയുള്ള ഇടവകകളിൽനിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഹൈറേഞ്ചിനും ലോറേഞ്ചിനും മധ്യേയുള്ള പ്രശസ്ത ആശുപത്രിയായ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലാണ് ഇവരെല്ലാവരും ചികിത്സ തേടിയെത്തിയിരുന്നത്. തങ്ങളുടെ കണ്മണികളുടെ കാര്യം വന്നപ്പോഴും അവർ തങ്ങൾക്ക് ഏറ്റവും ട്രസ്റ്റുള്ള മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ പവ്വത്ത് കുടുംബത്തിലെ കൊച്ചുമക്കളുടെ തലമുറയിലുള്ള അന്പതുപേരും (24 ആണ്കുട്ടികളും 26 പെണ്കുട്ടികളും) ഒരേ ആശുപത്രിയിൽ ജനിച്ചു. പി.ടി. തോമസ്-ത്രേസ്യാമ്മ ദന്പതികളുടെ ആദ്യ കൊച്ചുമകൾ മെഡിക്കൽ ട്രസ്റ്റിൽ പിറന്നത് 1966 ജൂലൈ മൂന്നിനായിരുന്നു. അവിടെത്തന്നെ അന്പതാമത്തെ കൊച്ചുമകൾ പിറന്നത് 2019 ജൂണ് 13നും. ഈ കൊച്ചുമക്കൾക്ക് പുറമെ അവരിൽ ചിലരുടെ പത്തു മക്കളും ഇതേ ആശുപത്രിയിൽതന്നെയാണ് ജനിച്ചത്. അങ്ങനെ കൂട്ടിയാൽ 60 പേർ. ഇവരുടെ 50 കൊച്ചുമക്കളിൽ മൂന്നു പേർ ഇന്നില്ല. ഏറ്റവും മുതിർന്നയാളുടെ രണ്ടാമത്തെ മകൾ കുഞ്ഞുമോളും 12ാമത്തെ മകളുടെ മക്കളായ ജയിംസും തോമസുമാണ് മരിച്ചത്. പി.ടി. തോമസിന്റെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും എണ്ണമെടുത്താൽ കുടുംബക്കാർ 130 ആകും. നാലാം തലമുറയിലെ ഒരു പെൺകുട്ടിയുടെ വിവാഹവും അടുത്തയിടെ നടന്നിരുന്നു.
ജീവിതമാഹാത്മ്യം
കൊച്ചുമക്കളുടെ കൂട്ടത്തിലെ അന്പതാമത്തെ അംഗം നിർമലഗിരി ഇടവക വാണിയപ്പുരയ്ക്കൽ ഷിബു-അന്പിളി ദന്പതികളുടെ ഏഴാമത്തെ മകളാണ്. ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും എന്ന കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ട് തങ്ങൾക്ക് ദൈവം നൽകിയ മക്കളെയെല്ലാം നന്ദിയോടെ കൈനീട്ടി വാങ്ങിയ യുവദന്പതികളാണിവർ.
സന്ധ്യയായാൽ നിർമലഗിരിയിലുള്ള ഇവരുടെ വീട്ടിലേക്ക് ചെല്ലണം. കുരിശുമണി അടിക്കുന്പോൾത്തന്നെ കുഞ്ഞുമക്കളെല്ലാവരും ചേർന്നു നടത്തുന്ന ജപമാലയിൽ സംസാരിക്കാൻ പഠിച്ചുവരുന്ന ആറാമത്തെ മകൾ തെരേസ വരെ പങ്കെടുക്കും. തങ്ങളുടെ വല്യപ്പച്ചന്റെ സഹോദരൻകൂടിയായ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവാണ് സന്ധ്യാപ്രാർഥനയുടെയും ജപങ്ങൾ പഠിക്കുന്നതിന്റെയും പ്രാധാന്യം തങ്ങൾക്ക് പറഞ്ഞുതന്നതെന്ന് ഈ കുഞ്ഞുങ്ങൾ പറയുന്നു. ഷിബുവിന്റെ മാതാപിതാക്കൾകൂടി അടങ്ങുന്ന ഈ വലിയ കുടുംബം സഭയാകുന്ന കുടുംബത്തിന്റെ ഒരു ചെറിയ പതിപ്പു തന്നെയാണ്.
സഫലമായ മോഹം
ദൈവം 13 മക്കളെ തന്നപ്പോൾ അതിൽ ആരെങ്കിലും ദൈവവിളി സ്വീകരിക്കണമെന്ന് ചാച്ചനും അമ്മച്ചിയും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ ഈ പ്രാർഥന ദൈവം നിറവേറ്റിക്കൊടുത്തത് കൊച്ചുമക്കളിലൂടെയാണ്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്ന ഫാ. ദീപു പുത്തൻപുരയ്ക്കൽ ഈ ആശുപത്രിയിൽത്തന്നെ ജനിച്ച 50 കൊച്ചുമക്കളിൽ ഒരാളാണ്. റാന്നി സിറ്റാഡെൽ സ്കൂളിന്റെ പ്രിൻസിപ്പൽ ഫാ. ജോഷി വാണിയപ്പുരയ്ക്കലും ഈ വലിയ കുടുംബത്തിലെ അംഗമാണ്. തോമസ്-ത്രേസ്യാമ്മ ദന്പതികളുടെ പതിനൊന്നാമത്തെ മകളായ ജാൻസി അടന്പക്കല്ലേലിന്റെ നാലുമക്കളും ദൈവവിളി സ്വീകരിച്ചിരിക്കുന്നവരാണ്. പെണ്മക്കൾ രണ്ടുപേരും സന്യാസിനി വസ്ത്രം സ്വീകരിച്ചു. ആണ്മക്കൾ രണ്ടുപേരും വൈദിക വിദ്യാർഥികളാണ്. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകളും സന്യാസിനിയാണ്.
മികച്ച ആതുരാലയം
1965 ലാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നത്. പാതി പണിപൂർത്തിയായ ഒരു കെട്ടിടത്തിൽ തുടങ്ങിയ ആശുപത്രി ഇന്ന് ഇടുക്കി ജില്ലയിലെതന്നെ മികച്ച ആശുപത്രികളിൽ ഒന്നാണ്. ഒപ്പം ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നുമാണിത്. കാഞ്ഞിരപ്പള്ളി രൂപതയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന്റെ വളർച്ചയ്ക്കു പിന്നിൽ. ഗൈനക്കോളജി, ഫിസിയോതെറാപ്പി, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എൻറോളജി, ഇഎൻ റ്റി, കാർഡിയോളജി, ഡെർമറ്റോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ന്യൂറോളജി, ലാപ്രോസ്കോപ്പി തുടങ്ങി 12 വിഭാഗങ്ങളിലായി മികച്ച ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ആശുപത്രി ഉറപ്പാക്കുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ചികിത്സാസഹായവും ചെയ്യുന്നുണ്ട്. ഓരോ മാസവും ഒരു ലക്ഷം രൂപയുടെ വരെ ചികിത്സാ ഇളവ് പല രോഗികൾക്കായി നൽകുന്നു.
ഒരു കുടുംബത്തിലെ 50 കുഞ്ഞുങ്ങളുടെ ജനനത്തിന് ആ കുടുംബം ഒരേആശുപത്രി തന്നെ തെരഞ്ഞെടുത്തു എന്നുപറയുന്പോൾ അവിടത്തെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം എത്ര കാര്യക്ഷമമാണെന്ന് മനസിലാക്കാം. കഴിഞ്ഞ 23 വർഷമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിനൊപ്പമുള്ള ഡോ.സിസ്റ്റർ ഇൽഡഫോണ്സ് പുതുമനയുടെ നേതൃത്വത്തിലാണ് ഇവിടത്തെ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഇൽഡഫോണ്സ് അമ്മയെക്കൂടാതെ ഈ മേഖലയിൽ 22 വർഷത്തെ അനുഭവസന്പത്തുള്ള ഡോ.സിസ്റ്റർ റോസ് മാവേലിക്കുന്നേൽ, വിദേശരാജ്യങ്ങളിൽവരെ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. മേരിയമ്മ ജോസഫ്, രണ്ടു പീഡിയാട്രീഷൻമാർ, ഒന്പതു നഴ്സുമാർ എന്നിവരടങ്ങുന്നതാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലെ ഗൈനക്കോളജി വിഭാഗം.
ആദ്യം ജനിച്ച കുട്ടിക്ക് ആശുപത്രിയുടെ പേര്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജനിച്ച ആദ്യകുഞ്ഞിന് ആശുപത്രിയുടെ പേരു തന്നെ നൽകിയിരിക്കുന്നു എന്നതാണ് ഈ ആശുപത്രിയെക്കുറിച്ചുള്ള മറ്റൊരു കൗതുകവർത്തമാനം. ട്രസ്റ്റിമോൻ എന്നാണ് 1965 നവംബർ പതിനൊന്നിന് ജനിച്ച ആ കുഞ്ഞിനു പേരു നൽകിയത്. ഇപ്പോൾ കുമളിയിൽ താമസിക്കുന്ന ട്രസ്റ്റി മോന് 50 കഴിഞ്ഞിരിക്കുന്നു. ആശുപത്രിയുടെ പിആർഒ ആയി പ്രവർത്തിക്കുന്ന സുബിനും സുബിന്റെ മകനും മകളും ഇതേ ആശുപത്രിയിൽ തന്നെയാണ് ജനിച്ചതെന്നതു മറ്റൊരു കൗതുകം.