അടിയന്തര സഹായത്തിന് ഇനി ഒറ്റ നമ്പർ : 112
പോലീസും ഫയർ ഫോഴ്സും ആംബുലൻസും ഇനി ഒറ്റ നന്പറിൽ. കേരളത്തിലെവിടെയും അടിയന്തര സഹായം ലഭിക്കാൻ വിളിക്കേണ്ടത് 112 എന്ന ടോൾഫ്രീ നന്പറിൽ. രാജ്യവ്യാപക ടോൾഫ്രീ നന്പറായ 112 ന്റെ പ്രവർത്തനം സംസ്ഥാനത്തും നടപ്പിലായി. 112 എന്ന ടോൾഫ്രീ നന്പറിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് ഉടൻ സഹായം എത്തിക്കാൻ വേണ്ട സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
തുടക്കത്തിൽ പോലീസിന്റെ സഹായമാണ് ലഭിക്കുക. ഇതുവരെ പോലീസിന് 100, ഫയർഫോഴ്സിന് 101, ആംബുലൻസിന് 108, സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭിക്കുന്നതിന് 181 എന്നീ നന്പരുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇനി 112 എന്ന ഒറ്റ നന്പരിൽ മാത്രം വിളിച്ചാൽ മതി. സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് തിരുവനന്തപുരത്തുള്ള കമാൻഡ് സെന്ററിൽ അറിയാം. ഇവിടെ നിന്ന് അതാത് ജില്ലകളിലെ കണ്ട്രോൾ സെന്റർ മുഖേന കണ്ട്രോൾ വാഹനങ്ങളിൽ മെസേജ് ലഭിക്കും.
ഉടനടി സഹായം ആവശ്യക്കാരന് ലഭിക്കും.
112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയാഗിച്ചും സഹായം തേടാം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ടൗണ്‍ലോഡ് ചെയ്യണം. അപ്പോൾ ലഭിക്കുന്ന വണ്‍ ടൈം പാസ് വേർഡ് വച്ച് രജിസ്റ്റർ ചെയ്യണം. ഇന്റർനെറ്റും ജിപിഎസും ഓണാക്കിയാൽ നിങ്ങൾ നിൽക്കുന്ന സ്ഥലം കൃത്യമായി കാണിക്കുകയും പാനിക് ബട്ടണ്‍ ഓണാകുകയും ചെയ്യും.
ഇതിൽ അമർത്തിയാൽ സ്റ്റേറ്റ് എമർജൻസി റെസ്പോണ്‍സ് സെന്ററിലേക്ക് സന്ദേശം പോകും. അപ്പോൾ തന്നെ നിങ്ങൾക്ക് തിരികെ കോൾ വരുകയും ചെയ്യും.
വിവരങ്ങൾ അവരോട് പറയുകയും ചെയ്യാം. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.