വീപ്പകളാണ് അതിര് ; നോക്കിയോടിച്ചാൽ ലക്ഷ്യത്തിലെത്താം
അമലഗിരിയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന സ്ഥലത്ത് ടാർവീപ്പുകൾ സ്ഥാപിച്ച നിലയിൽ
കൊടികുത്തിയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
മുണ്ടക്കയം: കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ ഒരുവർഷം മുമ്പ് കനത്ത മഴയിൽ തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിക്കാൻ നടപടി വൈകുന്നു. മരുതുംമൂട്, കൊടികുത്തി, അമലഗിരി എന്നിവിടങ്ങളിലാണ് സംരക്ഷണഭിത്തിയുടെ നിർമാണം വൈകുന്നത്. കഴിഞ്ഞവർഷം ജൂലായിലാണ് ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞത്. മൂന്നിടങ്ങളിലും 15 അടിയോളം നീളത്തിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്.
കനത്ത മഴയും മൂടൽമഞ്ഞും കാഴ്ചമറയ്ക്കുന്ന കുട്ടിക്കാനം മുതൽ 35-ാംമൈൽവരെയുള്ള റോുഡിലാണ് സംരക്ഷണഭിത്തികൾ ഇടിഞ്ഞത്. തിട്ടയിടിഞ്ഞ സ്ഥലങ്ങളിലെല്ലാം പാതയോരം വൻകുഴിയാണ്. സംരക്ഷണഭിത്തി ഇടിഞ്ഞുപോയ സ്ഥലത്ത് റോഡിൽ വീപ്പകൾ സ്ഥാപിച്ച് അപകടസൂചന നൽകിയതുമാത്രമാണ് ദേശീയപാതാ അധികൃതർ എടുത്ത നടപടി. മിക്കയിടത്തും വാഹനം വീപ്പയിൽ തട്ടി അപകടത്തിൽപ്പെടുന്നുണ്ട്. പല സ്ഥലങ്ങളിലും ടാർവീപ്പകൾ പൂർണമായും വാഹനം ഇടിച്ച് തകർന്ന നിലയിലാണ്. ഇവിടങ്ങളിലെ ഒറ്റവരി ഗതാഗതമാണ് അപകടങ്ങൾക്കിടയാക്കുന്നത്. കൊടികുത്തിക്കും പെരുവന്താനത്തിനും ഇടയിലുള്ള സ്ഥലത്ത് മാസങ്ങൾക്കുമുമ്പ് വീപ്പയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞിരുന്നു.
മൂടൽമഞ്ഞ് പരക്കുന്ന നേരം ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വീപ്പകൾ കാണുന്നത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി വാഹനം വെട്ടിച്ച് മാറ്റുമ്പോൾ അപകടത്തിനിടയാക്കുന്നു.
അതേസമയം, ടെൻഡർ നടപടി പൂർത്തിയായതായും കരാർവെയ്ക്കുന്നതോടെ പണി ആരംഭിക്കുമെന്നും ദേശീയപാതാ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ദേശീയപാതയിലെ മൂന്നിടങ്ങളിൽ സംരക്ഷണഭിത്തി തകർന്നിട്ട് ഒരുവർഷം