പോലീസ് കോംപ്ലക്സിന്റെ നിര്‍മാണം ധൃതഗതിയില്‍ പുരോഗമിക്കുന്നു
കാഞ്ഞിരപ്പള്ളി: പോലീസ് കോംപ്ലക്സിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. മൂന്നു ഘട്ടമായിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. മൂന്നു നിലകളായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഒന്നര ക്കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണു നിര്‍മാണ ചുമതല.മുമ്പ് തുക അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും വെള്ളപ്പൊക്കക്കെടുതിയില്‍ നടപടിക്രമങ്ങളില്‍ തടസം നേരിട്ടിരുന്നു.
പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് ഉപയോഗാനുമതിയോടെ വിട്ടു നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നില നിര്‍ത്തിക്കൊണ്ടാണു പോലീസ് സ്റ്റേഷന് നിര്‍മിക്കാനുള്ള അനുമതി ആഭ്യന്തര വകുപ്പിനു നല്‍കിയത്.
നിലവില്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സമീപത്തെ 4.45 ആര് (10.99 സെന്റ്) ഭൂമി 2017 ജൂലൈ 15നാണ് കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസര്‍ ടി.കെ. ജയപ്രകാശ് ആഭ്യന്തര വകുപ്പിന് ഏല്പിച്ചു കൊടുത്തത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11ല്‍ റീ സര്‍വേ നമ്പര്‍ 102-3ല്‍ പെട്ട 4.45 ആര് ഭൂമിയാണു വിട്ടുനല്‍കിയത്. അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലെ 18.75 ആര് വിസ്തീര്‍ണത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് പുറമ്പോക്കായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തുനിന്നുമാണ് 4.45 ആര് സ്ഥലം പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാനായി നല്‍കിയത്.
ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതടക്കം ആറ് നിബന്ധനകള്‍ക്കു വിധേയമായാണു ഭൂമി നല്‍കിയിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ, ഭൂമി പാട്ടത്തിനോ, വാടകയ്ക്കോ നല്‍കാനോ, പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, ഭൂമി പോലീസ് വകുപ്പ് സംരക്ഷിക്കണമെന്നും മരങ്ങള്‍ മുറിക്കാന്‍ പാടില്ലയെന്നും അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യു അധികാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
ഡോ.എന്‍. ജയരാജ് എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് പോലീസ് സ്റ്റേഷന് നിര്‍മാണത്തിന് തുക അനവദിച്ചിരിക്കുന്നത്. നിലവില്‍ പോലീസ് സ്റ്റേഷന് അസൗകര്യങ്ങളുടെ നടുവിലായിരുന്നു പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്ന ഡിവൈഎസ്പി ഓഫീസ് അസൗകര്യം മൂലം പൊന്‍കുന്നത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസ് സ്റ്റേഷനും സിഐ ഓഫീസും ഡിവൈഎസ്പി ഓഫീസും ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പോലീസുകാര്‍ക്ക് വിശ്രമിക്കുന്നതിനും വസ്ത്രം മാറുന്നതിനും പുതിയ കെട്ടിടത്തില്‍ സൗകര്യം ഉണ്ടായിരിക്കും.