കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗത തടസ്സം രൂക്ഷം

കാഞ്ഞിരപ്പള്ളി ∙ മണ്ഡലകാലം തുടങ്ങിയിട്ടും ഗതാഗത പരിഷ്കാരങ്ങൾ ടൗണിൽ നടപ്പാക്കിയില്ല. ആദ്യ ദിനം മുതൽ ടൗണിൽ ഗതാഗത തടസ്സം രൂക്ഷം. ടൗൺ കടന്നു പോകാൻ അര മണിക്കൂറിലേറെ വേണ്ടി വരുന്ന സ്ഥിതിയാണ്.

കോട്ടയം, ചങ്ങനാശേരി, പാലാ ഭാഗത്തു നിന്നും ദേശീയപാത വഴി എത്തുന്ന തീർഥാടക വാഹനങ്ങളിൽ ചെറിയ വാഹനങ്ങൾ പൊൻകുന്നം കെവിഎംഎസ് ജംക്‌ഷനിൽ നിന്നും വിഴിക്കത്തോട് വഴി എരുമേലിയിലേക്കു കടത്തി വിടുന്നുണ്ടെങ്കിലും വഴിയുടെ വീതിക്കുറവു കണക്കിലെടുത്ത് വലിയ വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ടൗൺ വഴി 26–ാം മൈലിലെത്തിയാണു എരുമേലിയിലേക്കു പോകുന്നത്. കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകളും ഇതുവഴിയാണു കടന്നു പോകുന്നത്. ടൗണിലെ അനധികൃത പാർക്കിങ്ങും പാതയോരത്തെ കയ്യേറ്റവും തീർഥാടക വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസുമില്ല. മണ്ഡല കാലം തുടങ്ങിയ ഇന്നലെ രാവിലെ ദേശീയപാതയിൽ പൂതക്കുഴിക്കു സമീപം ഇടപ്പള്ളി കവലയിൽ സീബ്രാലൈൻ വരയ്ക്കുന്നതിന്റെ ഭാഗമായി ഒരു വശത്തുകൂടി ഗതാഗത നിയന്ത്രണം നടത്തിയത് പേട്ടക്കവല വരെ ഗതാഗത കുരുക്കുണ്ടാക്കി.

ദേശീയപാതയിൽ കോട്ടയം ജില്ലയിലെ ചെങ്കൽപള്ളി മുതൽ ഇടുക്കി ജില്ലയിലെ പുല്ലുപാറ വരെ പാതയോരത്തെ അനധികൃത കടകൾ ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ‍ ദേശീയ പാത വിഭാഗം നോട്ടിസ് നൽകിയിട്ടും ഇതു പാലിക്കപ്പെട്ടിട്ടില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിലും വളവുകളിൽ‍ വേഗ നിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.

error: Content is protected !!