അക്കരപ്പള്ളി തിരുനാൾ സമാപിച്ചു
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലുമായി നടന്നുവന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ സമാപിച്ചു.
തിരുനാൾ സമാപന ദിനമായ ജനുവരി 31 ന് വൈകുന്നേരം നാലരയ്ക്ക് മുൻ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു . തുടർന്ന് അക്കരപ്പള്ളിയുടെ കുരിശടി ചുറ്റി പ്രദക്ഷിണം നടന്നു . അതിനു ശേഷം ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയിറക്ക് നിർവഹിച്ചതോടെ പ്രസിദ്ധമായ അക്കരപ്പള്ളി തിരുനാളിന് സമാപനമായി .
ജനുവരി 30 ന് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത് . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏതാനും വർഷങ്ങൾ മുടങ്ങിയതിന് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശ്വാസികളുടെ വൻ പങ്കാളിത്തത്തിനാണ് കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിച്ചത് .
കാഞ്ഞിരപ്പള്ളി ചിറ്റാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന പരിശുദ്ധ കന്യാമാതാവിന്റെ നാമത്തിലുള്ള അക്കരപ്പള്ളി, പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ അഭയസ്ഥാനവും, ആശാകേന്ദ്രവുമാണ്. ഇടതടവില്ലാതെ രാവും പകലും എല്ലാ സമയങ്ങളിലും ഭക്തജ നപ്രവാഹം കൊണ്ട് നിറഞ്ഞു നിൽക്കുന്ന അപൂർവ്വം ദേവാലയങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി.
കാഞ്ഞിരപ്പള്ളിയുടെ ചരിത്രവും വിശ്വാസവും പൗരാണികത്വവും നിറഞ്ഞു നിൽക്കുന്ന ആത്മീയ കേന്ദ്രമാണ് പഴയപള്ളി. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ യാചിച്ച് ദിവസവും അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന നാനാജാതി മതസ്ഥർക്ക് അഭയവും സംരക്ഷണവും ആശ്രയവുമാണ് പഴയപള്ളി . വിളിച്ചാൽ വിളി കേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ അടുക്കൽ എത്തുന്നവർ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ച്, അനുഗ്രഹത്തോടെ, സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച പതിവാണ് .
നിഷ്കളങ്കമായ ഓരോ വിളിക്കും കാലവിളമ്പം കൂടാതെ അക്കരയമ്മ പ്രത്യുത്തരം നൽകുന്നു എന്ന് നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു . . അതുകൊണ്ടുതന്നെ വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതെ നാനാജാതി മതസ്ഥരായ നിരാവധിപേർ അക്കരയമ്മയുടെ സവിധത്തിലേക്ക് തിരുനാൾ ദിവസങ്ങളിൽ തീർത്ഥയാത്ര നടത്തുകയും, നോയമ്പ് നോറ്റ്, ജീവിതനവീകരണ പ്രതിജ്ഞ എടുത്ത്, നീന്തു നേർച്ചയും നടത്തി, തിരി കത്തിച്ചും, വിളക്കിൽ എണ്ണ പകർന്നും, നേർച്ചകാഴ്ചകൾ സമർപ്പിച്ചും സ്വയം പവിത്രീകരിക്കപ്പെടുന്നു.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലെ തിരുനാളുകളിൽ പങ്കെടുക്കാൻ പതിവായി എത്തുന്ന നാനാജാതി മതസ്ഥർ, തങ്ങളുടെ ഉദിഷ്ഠ കാര്യങ്ങൾ സാധിച്ചു തന്നതിന് മാതാവിന് നന്ദിയേകി, നേർച്ചകാഴ്ചകൾ അർപ്പിച്ചാണ് മടങ്ങുന്നത്. പ്രത്യേകമായി കാർഷിക വിളകളും, നടീൽ ഫലങ്ങളും , വളർത്തു മൃഗങ്ങളെയും അക്കരയമ്മയ്ക്ക് വിശ്വാസികൾ കാഴ്ചവയ്ക്കുന്നു. ഇതുകൂടാതെ, പൊതിച്ചോറും, പായസവും, നേർച്ചകഞ്ഞിയും നേർച്ചകളിൽ പ്രധാനപ്പെട്ടവയാണ്.
ഭക്തജനങ്ങൾ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി നാരങ്ങാമാല, ഏലക്കാമാല, പൂമാല, സ്വർണ്ണാഭരങ്ങൾ മുതലായവയും അക്കരയമ്മയ്ക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നു. ഭക്തസ്ത്രീകൾ തങ്ങളുടെ ജീവിതവിശുദ്ധിക്കായി അരി വറുത്തത്, നേർച്ചയപ്പം തുടങ്ങിയവയും അക്കരയമ്മയ്ക്ക് മുൻപിൽ സമർപ്പിക്കാറുണ്ട്.
തങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുള്ള ഒരു അത്താണിയായി ഭക്തജനങ്ങൾ അക്കരയമ്മയെ കാണുന്നു. പള്ളിയുടെ ഉള്ളിൽ പ്രാർത്ഥനാപൂർവ്വം അക്കരയമ്മയുടെ മുഖത്തേക്ക് നോക്കി മണിക്കൂറുകളോളം നിർവൃതിയോടെ ഇരിക്കുന്ന നിരവധിപേരെ പതിവായി കാണുവാൻ സാധിക്കും.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം സ്ഥാപിച്ചതായി പറയപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിൽ പഴയകാലത്ത് ഉണ്ടായ അത്യുഗ്രമായ വസൂരി വസന്തയ്ക്ക് ശമനമുണ്ടായത് വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപം കാഞ്ഞിരപ്പള്ളിയിലെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തിയപ്പോഴായിരുന്നു. ഇപ്പോഴും ആ ഭക്ത കൃത്യം ആണ്ടുതോറും ജനുവരി മാസത്തിൽ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആഘോഷമായി നടത്തിവരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ കൂടി നടക്കുന്ന ആഘോഷമായ തിരുനാൾ പട്ടണപ്രദക്ഷിണം. തങ്ങളുടെ വേദനകളും, വ്യാധികളും, രോഗങ്ങളും , ദുരിതങ്ങളും മാറ്റി തരുവാൻ ദൈവത്തോട് മാധ്യസ്ഥം വഹിക്കണമേയെന്ന് വിശുദ്ധ സെബാസ്ത്യാനോസിനോട് തദവസരത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു.
“വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മ” എന്ന ഭക്തജനങ്ങൾ ഏറ്റുപറയുമ്പോൾ അത് ഈ നാടിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ച് പരിശുദ്ധ കന്യാമറിയം എന്ന അക്കരയമ്മ വിശ്വാസികളുടെ പ്രത്യാശയായും, കഞ്ഞിരപ്പള്ളിയുടെ ആശാകേന്ദ്രമായും, ദീപസ്തംഭമായും നൂറ്റാണ്ടുകളായി അനുഗ്രഹ പൂമഴ പൊഴിയിച്ചുകൊണ്ട് നിലകൊണ്ടുവരുന്നു.