KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി അനുവദിച്ചു..

എരുമേലി : കാൽ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാവുന്നു. പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. 116 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

ശബരി റെയില്‍പാത യാഥാർത്ഥ്യമായാൽ മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം ലഭിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരം..

ശബരിമലയ്ക്ക് സമീപം അങ്കമാലി മുതല്‍ എരുമേലി വരെ 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും, കാഞ്ഞിരപ്പള്ളി എരുമേലി ഉൾപ്പെടെ കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും.

റെയിൽവേ കടന്നു ചെല്ലാത്ത കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണു സ്റ്റേഷനുകൾ വരിക. ഇതിൽ മൂവാറ്റുപുഴയിലും വാഴക്കുളത്തും സ്റ്റേഷനുകൾ വരുന്നതോടെ കാർഷിക മേഖലയ്ക്കും വലിയ ഉണർവായിരിക്കും ഉണ്ടാകുക. കാലടി വരെ 7 കിലോമീറ്റർ പാത നിർമാണമാണു പൂർത്തിയായത്. റെയിൽവേ ഇതുവരെ പദ്ധതിയിൽ 264 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) ശബരി റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടു തയാറാക്കിയത്. 3,745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കെ-റെയില്‍ സമര്‍പ്പിച്ചു. ശബരിമല സീസണില്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനു പുറമെ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കെ-റെയില്‍ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട്.

1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി -ശബരി റെയില്‍ പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. 2022-23 റെയില്‍വേ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെട്ടിരുന്നു. അങ്കമാലിയെയും പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ എരുമേലിയെയും ബന്ധിപ്പിക്കുന്ന പദ്ധതി ഹൈറേഞ്ച് ജില്ലയായ ഇടുക്കിയെയും കേരളത്തിന്റെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിനു കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിനിന്നുള്ള ഏകേദശം അഞ്ചു കോടിയോളം തീര്‍ഥാടകരാണ് വര്‍ഷം തോറും ശബരിമലയിലെത്തുന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഈ തീര്‍ഥാടക പ്രവാഹം. വര്‍ഷം തോറും വര്‍ധിച്ചു വരുന്ന തീര്‍ഥാടക ലക്ഷങ്ങളുടെ ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗതാഗത സംവിധാനങ്ങള്‍ ഇവിടെയില്ല.

അപര്യാപ്തമായ പൊതുഗതാഗത സംവിധാനമാകട്ടെ, ചെലവേറിയതുമാണ്. ഗതാഗത സംവിധാനം മെച്ചപ്പെട്ടാല്‍ തീര്‍ഥാടകരുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിക്കും. റെയില്‍ ഗതാഗതം യാത്രാ ചെലവു കുറക്കുന്നതോടൊപ്പം യാത്രാ സമയവും കുറയ്ക്കും. വിനോദ സഞ്ചാര മേഖലയിലും വ്യാവസായിക മേഖലയിലും ഈ പദ്ധതി വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും.

ശബരിമലയ്ക്ക് സമീപം അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും.

error: Content is protected !!