പുതുതലമുറ കോഴ്സുകള്‍ വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയും: കെ.ജെ. തോമസ്
പെരുവന്താനം: പുതുതലമുറ കോഴ്സുകള്‍ ഏറെ തൊഴിലധിഷ്ഠിതമാണെന്നും വിദേശത്ത് പഠിപ്പിക്കുന്ന കോഴ്സുകള്‍ നമ്മുടെ രാജ്യത്ത് പഠിക്കാന്‍ അവസരമുണ്ടായാല്‍ വിദേശത്തേക്കുള്ള യുവ തലമുറയുടെ ഒഴുക്ക് തടയാനാവുമെന്നും കെ.ജെ. തോമസ് എക്സ് എംഎൽഎ. പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ ബിഎസി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന്റെയും ദശവത്സര ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ കോളജിന്റെതന്നെ നേതൃത്വത്തില്‍ ഉയര്‍ന്ന ശമ്പളത്തോടുകൂടി ജോലി നേടാന്‍ സാധിക്കുന്ന ഈ കോഴ്സ് എല്ലാ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറെ തൊഴില്‍സാധ്യതയുള്ള എഐ പഠനത്തിനായി എഐ ലാബും ബിസിഎ വിദ്യാര്‍ഥികള്‍ തന്നെ രൂപകല്പന ചെയ്ത റോബോട്ടിന്റെയും ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിച്ചു. ദശവത്സരാഘോഷ എംബ്ലം പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, കിന്‍ഫ്ര വീഡിയോ പാര്‍ക്ക് ചെയര്മാന് ജോര്‍ജുകുട്ടി ആഗസ്തിക്കു നല്കി നിര്‍വഹിച്ചു. വിദ്യാഭ്യാസ ചിന്തകനായിരുന്ന റവ.ഡോ. ആന്റണി നിരപ്പേലിന്റെ ജീവിതനേട്ടങ്ങൾ വിവരി ച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സ്മരണിക കെ.ജെ. തോമസ്, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ടിന് നല്കി നിര്‍വഹിച്ചു.
കോളജ് ചെയര്മാന് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. ജോബി നിരപ്പേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലംപള്ളി, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, ജോര്‍ജുകുട്ടി ആഗസ്തി, പ്രഫ. ബാബു ജോസഫ്, പി.ജെ. സണ്ണി, പി.എം. ജേക്കബ് പൂതക്കുഴി, ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍, എ.ആര്. മധുസൂദനന്, സുപര്‍ണ രാജു, ഇ.എം. ലിയാമോള്‍, കെ.കെ. ജോഗേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.