ബഫർ സോണും കുടിയിറക്കു ഭീഷണിയും: കേന്ദ്ര വനംമന്ത്രിക്കു നിവേദനം നൽകി
എയ്ഞ്ചൽവാലി: ബഫർ സോണുമായി ബന്ധപ്പെട്ട് കുടിയിറക്കു ഭീഷണി നേരിടുന്ന എയ്ഞ്ചൽ വാലി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും പ്രശ്നപരിഹാരത്തിനാവശ്യമായ നിർദേശങ്ങളുമടങ്ങിയ നിവേദനം കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവിന് നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, കർഷക സംരക്ഷണ സമരസമിതി ചെയർമാൻ പി.ജെ. സെബാസ്റ്റ്യൻ എന്നിവരാണ് നിവേദനം നൽകിയത്. ഇന്നലെ ഡൽഹിയിലെ മന്ത്രിയുടെ ഓഫീസിൽ എത്തിയാണ് നിവേദനം കൈമാറിയത്.
കേരളത്തിലെ വനമേഖലയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.
ജനുവരി 19ന് കൂടിയ വൈൽഡ് ലൈഫ് ബോർഡിന്റെ യോഗ റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടില്ല.
ഈ റിപ്പോർട്ട് ലഭിക്കുന്നതോടെ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തടസങ്ങൾ ഉണ്ടാകുവാനിടയില്ലെന്നും ഫോറസ്റ്റ് ഡയറക്ടർ ജനറൽ ഡോ .എസ്.പി. യാദവ് നിവേദക സംഘത്തിന് ഉറപ്പു നൽകി.