അഭിമാനനിമിഷം അഞ്ച് നിലകളിൽ ഇൗ ആശുപത്രി
• നിർമാണം പൂർത്തിയാക്കിയ പുതിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി പുതിയ മന്ദിരം ഉദ്ഘാടനം നാളെ
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം ആരംഭിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതിന് മന്ത്രി വീണാ ജോർജ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും.
ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ആർദ്രം പദ്ധതി, സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ച് അഞ്ച് നിലകളിലായി 15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട്ടം നിർമിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഒ.പി., അത്യാഹിതവിഭാഗം എന്നിവയുടെ പ്രവർത്തനമാണ് ആരംഭിക്കുക. അഞ്ച് നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യത്തെ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി, രണ്ടാം നിലയിൽ ഒ.പി. വിഭാഗം മൂന്നിൽ വാർഡുകൾ, നാലിൽ ശസ്ത്രക്രിയാവിഭാഗം അഞ്ചാം നിലയിൽ ഓഫീസുകൾ എന്നിങ്ങനെയാണ് പ്രവർത്തിക്കുക.
ഇതിൽ ഒ.പി.യുടെയും അത്യാഹിതവിഭാഗം ബ്ലോക്കുകളാണ് തുറന്ന് നൽകുക.
ആധുനിക നിലവാരത്തിൽ ഓപ്പറേഷൻ തിയേറ്ററിന്റെ നിർമാണം പൂർത്തിയായതിന് ശേഷമേ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കൂ. ക്ലീനർ, നഴ്‌സിങ് അസിസ്റ്റന്റ്, ലിഫറ്റ് ഓപ്പറേറ്റർ എന്നിവരുടെ നിയമനത്തിന് എച്ച്.എം.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ മൂന്ന് സ്റ്റാഫ് നഴ്‌സ് കൂടി ആവശ്യമുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡിൽ 142 കിടക്കകളാണുള്ളത്. പുതിയ കെട്ടിടത്തിൽ 50 കിടക്കകളാണുള്ളത്.
നിർമാണം ആരംഭിച്ച് എട്ട് വർഷത്തിന് ശേഷമാണ് കെട്ടിടം നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്.