അരങ്ങിൽ നാല് കഥകളി: ആസ്വാദകവിരുന്നായി നാട്യമണ്ഡലം വാർഷികം 

• പൊൻകുന്നം പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ വാർഷികത്തിന് നടന്ന കുചേലവൃത്തം കഥകളിയിൽനിന്ന് 

പൊൻകുന്നം: പകലരങ്ങിൽ തെളിഞ്ഞ കളിവിളക്കിന് മുൻപിൽ മൂന്ന് കഥകളി; പിന്നെ രാത്രി മേജർസെറ്റ് കഥകളി. നാല് കഥകളി ആസ്വാദകർക്ക് സമ്മാനിച്ച് പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ വാർഷികാഘോഷം. നളചരിതം മൂന്നാംദിവസം, കുചേലവൃത്തം, കീചകവധം എന്നിവയാണ് പുതിയകാവ് ദേവീക്ഷേത്രാങ്കണത്തിൽ പകലരങ്ങിൽ നടന്നത്. തുടർന്ന് സന്താനഗോപാലം മേജർസെറ്റ് കഥകളിയും നടത്തി. 

കലാമണ്ഡലം ജിഷ്ണു രവി, കലാമണ്ഡലം ഭാഗ്യനാഥ്, പീശപ്പള്ളി രാജീവൻ, അരുന്ധതി എം.നായർ, തിരുവഞ്ചൂർ സുഭാഷ്, കിടങ്ങൂർ ശ്യാംകുമാർ, ആദിത്യ വി.ആനിക്കാട്, എച്ച്.ഗൗരിനന്ദ, ഗൗരി എസ്.നായർ, കലാമണ്ഡലം കാശിനാഥ്, അഭിനവ് അശോക്, പനമറ്റം സോമൻ, കലാകേന്ദ്രം ബാലു മുരളീധരൻ, കലാരംഗം കണ്ണൻ ആനിക്കാട് എന്നിവർ വിവിധ കഥകളിൽ വേഷമിട്ടു. 

വാർഷികസമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. നായകസഭാംഗം അഡ്വ. എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡംഗം ഡോ. ജെ.പ്രമീളാദേവി, മീനടം ഉണ്ണിക്കൃഷ്ണൻ, അഡ്വ. ജഗന്മയലാൽ, പി.അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നാട്യമണ്ഡലം പുരസ്‌കാരം കഥകളിനടൻ തിരുവഞ്ചൂർ സുഭാഷിന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം.അനിൽകുമാർ സമ്മാനിച്ചു. കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ സ്മാരക പുരസ്‌കാരം നേടിയ ചെണ്ടവാദകൻ ഗോവിന്ദ് ഗോപകുമാറിനെ അനുമോദിച്ചു. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി കെ.എൻ.സുരേഷ്‌കുമാർ കളിവിളക്ക് തെളിച്ചു. മീനടം ഉണ്ണിക്കൃഷ്ണൻ, തിരുവഞ്ചൂർ സുഭാഷ്, കലാമണ്ഡലം ഭാഗ്യനാഥ് എന്നിവർ കഥകളി ആസ്വാദനക്കളരി നയിച്ചു.

error: Content is protected !!