അടിച്ചമര്‍ത്തലുകളില്‍ തളരാത്ത വിശ്വാസം സാക്ഷ്യമാകുന്നു: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: പീഡനങ്ങളിലും അടിച്ചമര്‍ത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെപിടിക്കുന്നവരുടെ ജീവിതങ്ങൾ സുവിശേഷ സാക്ഷ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മണിപ്പൂർ ഐക്യദാര്‍ഢ്യദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ട സമാധാന പ്രാർത്ഥന , ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവയോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരില്‍ പീഢനമനുഭവിക്കുന്ന ജനതയുടെ വേദനയില്‍ ഹൃദയപൂര്‍വ്വം പങ്കുചേരുവാന്‍ നമുക്ക് കടമയുണ്ടെന്നും ക്രൈസ്തവ വിശ്വാസികളുടെ നേര്‍ക്കുള്ള ബോധപൂര്‍വ്വമായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കലാപം നിയന്ത്രിക്കുവാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യക്രമത്തില്‍ ജനങ്ങളാശ്രയിക്കുന്ന ഭരണ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന് ഭംഗം വരാനിടയാകാതിരിക്കുവാൻ ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ഐക്യദാര്‍ഡ്യദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇടവകകളില്‍ പ്രത്യേക പ്രാര്‍ത്ഥന, റാലി, പ്രതിഷേധ സമ്മേളനങ്ങള്‍ എന്നിവ നടത്തപ്പെട്ടു. രൂപതയിലെ ഇടവകകളിൽ നിന്നും ലഭിക്കുന്ന ഞായറാഴ്ച്ചത്തെ സ്തോത്രക്കാഴ്ച്ച കാരിത്താസ് ഇന്ത്യ വഴി മണിപ്പൂരിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് നല്കുന്നതാണ്. രൂപത യുവദീപതി – എസ്. എം. വൈ. എം കാഞ്ഞിരപ്പള്ളിയിൽ നിന്നും മാർ തോമാ ശ്ലീഹയുടെ പാദസ്പർശത്താൽ പുണ്യമായ നിലയ്ക്കലിലേക്ക് നടത്തിയ പദയാത്ര മണിപ്പൂരിൽ സമാധാനം പുലരുവാനുള്ള പ്രാർത്ഥി നയോടെയാണ് മുന്നോട്ട് നീങ്ങിയത്.

മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ ആഘോഷപൂർവ്വമായ റംശ അർപ്പിച്ച് മാർ ജോസ് പുളിക്കൽ സന്ദേശം നലകി.മാര്‍തോമാശ്ലീഹയുടെ രക്തസാക്ഷിത്വം മിശിഹാ മാര്‍ഗ്ഗത്തിന്റെ ശോഭയെ ഭാരത്തില്‍ പ്രോജ്വലമാക്കിയെന്നും പീഢനങ്ങളിലൂടെ ക്രൈസതവ സമൂഹത്തെ ഇല്ലാതാക്കാനാവില്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരുള്‍പ്പെടുന്നവര്‍ക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ടുനല്‍കുന്ന ഭീമഹര്‍ജിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഒപ്പ് രേഖപ്പെടുത്തി രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു. മണിപ്പൂര്‍ കലാപമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭീമഹര്‍ജി തയ്യാറാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ ഇടവകയില്‍ നാളെ വൈകുന്നേരം നടത്തപ്പെടുന്ന സമാധാന റാലിയില്‍ മാര്‍ ജോസ് പുളിക്കല്‍ പങ്കെടുക്കും.

error: Content is protected !!