ഇടക്കാല ബജറ്റിൽ പ്രതീക്ഷയോടെ കോട്ടയം
കോട്ടയം: സംസ്ഥാന സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ ജില്ലയിലെ നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും.
തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഇടക്കാല ബജറ്റായതിനാൽ ജനപ്രിയ പദ്ധതികൾക്കായിരുക്കും മുൻഗണന.
മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞെങ്കിലും ചില പദ്ധതികൾ ഇപ്പോഴും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. കാർഷികമേഖലയുടെ ഉണർവിനും കർഷകർക്കു കൈത്താങ്ങാവുന്നതുമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.
ടൂറിസം രംഗത്തും പുതിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്.
റോഡുകളുടെയും ബൈപാസുകളുടെയും നിർമാണവും ഏവരും ഉറ്റു നോക്കുന്നുണ്ട്.
ശബരി റെയിലും
ശബരി വിമാനത്താവളവും
ജില്ലയുടെ വികസനത്തിനു കുതിപ്പേകുന്ന രണ്ടു പദ്ധതികളാണ് ശബരി റെയിലും എരുമേലിയിലെ ശബരി വിമനത്താവളവും.
ശബരി റെയിൽപാതയുടെ നിർമാണത്തിന്റെ പകുതി പണം നൽകാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ തുക ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. എരുമേലിയിലെ ശബരി എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കും ബജറ്റിൽ തുക അനുവദിക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിലും തുക അനുവദിച്ചിരുന്നു.
റബർ വില സ്ഥിരതാ പദ്ധതി: 200 ആകുമോ..?
റബർ കർഷകരെ സഹായിക്കുന്നതിനായി റബർ വില സ്ഥിരത പദ്ധതിയുടെ തുക 200 രൂപയാക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ റബർ കർഷകർ. ഇതു സംബന്ധിച്ചു കർഷകരുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നു. സിയാൽ മോഡൽ റബർ കന്പനിയുടെ തുടർപ്രവർത്തനങ്ങൾക്കും ബജറ്റിൽ പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ.
മെഡിക്കൽ കോളജിൽ പകർച്ചവ്യാധി പഠന ഗവേഷണ കേന്ദ്രം
കോവിഡ് കാലത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച കോട്ടയം മെഡിക്കൽ കോളജിൽ പകർച്ചവ്യാധി പഠന ഗവേഷണകേന്ദ്രം അനുവദിക്കാൻ ബജറ്റിൽ തുക അനുവദിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടിയിൽ പുതിയ അത്യാഹിത വിഭാഗം, കാൻസർ ബ്ലോക്ക് തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. അവയവമാറ്റ ശസ്ത്രക്രിയക്കുള്ള സ്ഥിരം സംവിധാന കേന്ദ്രവും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
മാഞ്ഞൂരിൽ പോലീസ് സ്റ്റേഷൻ, ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ, ഏറ്റുമാനൂരിൽ സിവിൽ സ്റ്റേഷൻ, വൈക്കം ജനറൽ ആശുപത്രി വികസനം, കുമരകം, അയ്മനം, വൈക്കം എന്നിവിടങ്ങളിലെ ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനം, ഇലവീഴാപൂഞ്ചിറ റോഡ് വികസനം, കാഞ്ഞിരപ്പള്ളി ബൈപാസ്, കടുത്തുരുത്തി മജിസ്ട്രേറ്റ് കോടതി, എരുമേലി തീർഥാടന കേന്ദ്ര വികസനം, എംജി യൂണിവേഴ്സിറ്റിയിൽ പഠന കേന്ദ്രങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.