കോവിഷീല്‍ഡ്‌ കോട്ടയത്തും’ വിതരണം നാളെ മുതല്‍ 23839 ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്‌റ്റര്‍ ചെയ്‌തു

കോട്ടയം: കോവിഡ്‌ 19 പ്രതിരോധത്തിനുള്ള 29170 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിന്‍ കോട്ടയത്ത്‌ എത്തി. എറണാകുളത്തുനിന്നും ഒമ്പത്‌ കോള്‍ഡ്‌ ബോക്‌സുകളിലായി ഇന്നലെ വൈകിട്ടാണു ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ കൊണ്ടുവന്നത്‌. 
ജില്ലാ ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ. സി.ജെ. സിതാരയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്‌റ്റോറില്‍ ഐസ്‌ ലൈന്‍ഡ്‌ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന വാക്‌സിന്റെ വിതരണം 16നാണ്‌ ആരംഭിക്കുക. ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്കു നാളെയും മറ്റു കേന്ദ്രങ്ങളിലേക്ക്‌ 16ന്‌ രാവിലെയും കൊടുത്തയയ്‌ക്കും. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ എട്ടു വരെ ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 31വരെ വിതരണം ചെയ്യാനുള്ള വാക്‌സിനാണ്‌ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്‌. 
ഒരാള്‍ക്ക്‌ രണ്ടു ഡോസ്‌ മരുന്നാണ്‌ നല്‍കുക. ആദ്യഘട്ട വിതരണത്തിനു ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒമ്പത്‌ കേന്ദ്രങ്ങളാണു തെരഞ്ഞെടുത്തിരിക്കുന്നത്‌. ഒരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേര്‍ക്കു വീതം പ്രതിരോധ മരുന്ന്‌ കുത്തിവയ്‌ക്കും. 
ഇതിനു പുറമേ വാക്‌സിന്‍ കൂടുതലായി ലഭ്യമാകുമ്പോള്‍ വിതരണത്തിന്‌ 520 കേന്ദ്രങ്ങള്‍കൂടി സജ്‌ജമാക്കുന്നുണ്ടെന്ന്‌ കലക്‌ടര്‍ എം. അഞ്‌ജന അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്‌ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികളെയും അംഗന്‍വാടി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

error: Content is protected !!