എം.എൽ.എ.യുടെ വീട്ടിലേക്ക് ബി.ജെ.പി. മാർച്ച് നടത്തും ; മേജർ മണിമല കുടിവെള്ള പദ്ധതിക്കെതിരേ പ്രതിഷേധം
മേജർ മണിമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഞായറാഴ്ച എൻ.ജയരാജ് എം.എൽ.എ.യുടെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.
കാൽനൂറ്റാണ്ടോളമായി വിവിധ പഞ്ചായത്തുകളെയും ഒന്നരലക്ഷത്തോളം ഗുണഭോക്താക്കളെയും വഞ്ചിക്കുകയാണ് എം.എൽ.എ. ചെയ്യുന്നതെന്നും ബി.ജെ.പി. പ്രവർത്തകർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കോടികൾ പാഴാക്കിയ പദ്ധതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമായെന്നും ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.
ഞായറാഴ്ച 10-ന് കറുകച്ചാലിൽനിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു, ഭാരവാഹികളായ കെ.ജി.കണ്ണൻ, ഐ.ജി.ശ്രീജിത്ത്, ടി.ബി.ബിനു, അനിൽ അർജുന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.