സ്‌നേഹഭവനം കൈമാറി ഓമനയ്ക്കും മക്കൾക്കും തലചായ്ക്കാനിടമായി
മുട്ടപ്പള്ളി : കിഴക്കേപ്പാറ ഓമനയ്‌ക്കും മക്കൾക്കുമായി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറൽ എ.ഡി.ജി.പി. എസ്. ശ്രീജിത് നിർവഹിക്കുന്നു
എരുമേലി: പ്ലാസ്റ്റിക് കൊണ്ട് തീർത്ത കൂരയിൽനിന്ന് സുരക്ഷിതമായ പുതിയ വീട്ടിലേക്ക് മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമനയും മൂന്ന് പെൺമക്കളും വലതുകാൽ വെച്ച് കയറി. അരക്ഷിതാവസ്ഥയിൽനിന്നു സുരക്ഷിതത്വത്തിലേക്കുള്ള പടിയേറ്റത്തിന് എ.ഡി.ജി.പി. എസ്. ശ്രീജിത്തും, ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവും സാക്ഷികളായി. വീട് നിർമിക്കാൻ നേതൃത്വം നൽകിയ ജനമൈത്രി പോലീസിനും സഹായങ്ങളേകിയ നാട്ടുകാർക്കും അഭിമാനത്തിന്റെ നിമിഷങ്ങൾ. വെള്ളിയാഴ്ച പകൽ 11-ന് ശേഷമായിരുന്നു വീടിന്റെ താക്കോൽ കൈമാറൽ.
മക്കളുടെ വിദ്യാഭ്യാസവും നിത്യജീവിതവും പ്രതിസന്ധിയിലായി പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞ ഓമനയുടെ ദുരവസ്ഥ ജനമൈത്രി പോലീസ് കണ്ടെത്തുകയും കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങുകയുമായിരുന്നു. ആരിൽനിന്നും പണമായി വാങ്ങാതെ വീട് നിർമാണത്തിനാവശ്യമായ സാധനങ്ങളും തൊഴിൽ സഹായവും സ്വീകരിച്ച് ഒരു വർഷം കൊണ്ട് വീടുപണി പൂർത്തിയാക്കി. സിറ്റൗട്ട്, ഹാൾ, രണ്ട് മുറി, അടുക്കള, ബാത്ത് റൂം ഉൾപ്പെടെ 750 ചതുരശ്രയടി വിസ്തീർണമുണ്ട് വീടിന്.
11 ലക്ഷം രൂപയ്ക്കടുത്താണ് ചെലവായ തുക. ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ സബീർ മുഹമ്മദ്, കെ.എസ്. ഷാജി എന്നിവർക്കായിരുന്നു നിർമാണം മുതൽ പൂർത്തീകരണം വരെയുള്ള നടത്തിപ്പ് ചുമതല.
വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി. താക്കോൽ ഓമനയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ ജെ. സന്തോഷ്‌കുമാർ, വിനോദ്പിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, സജീവ് ചെറിയാൻ, എം.എസ്. സതീഷ്, വി.എ. മുജീബ് റഹ്മാൻ, അജിമോൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.