സംസ്ഥാന ബജറ്റിൽ മുൻഗണന നേടി ശബരി റെയിൽവേയും വിമാനത്താവളവും റബ്ബറും
ഇത്രയൊക്കെയാണ് സംസ്ഥാന ബജറ്റിലെ കോട്ടയത്തിന്റെ നേട്ടം. എന്താണ് ഈ പദ്ധതികൾ. എത്രയാണ് സഹായം. ഒരു അന്വേഷണം.
ശബരി റെയിൽ-2000 കോടി
പാതിത്തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം 2000 കോടി രൂപ അനുവദിച്ചു. കിഫ്ബി വഴിയാണ് ഈ തുക കണ്ടെത്തുക. കോട്ടയം ജില്ലയിൽ രാമപുരം മുതൽ എരുമേലി വരെയുള്ള റൂട്ടിൽ ഭൂമി ഏറ്റെടുക്കൽ മുതൽ തുടങ്ങണം. എതിർപ്പുള്ളവരെ അനുനയിപ്പിക്കണം. പുതുക്കി നിശ്ചയിച്ച അലൈൻമെന്റിന് ജനങ്ങളുടെ അംഗീകാരം വാങ്ങണം.
റെയിൽവേയെക്കൊണ്ട് കല്ലിടീക്കാൻ നടപടി എടുപ്പിക്കണം. അതിനുശേഷമാണ് സാമൂഹിക ആഘാതപഠനം നടത്താൻ. പാലായിൽ നിലവിൽ ഭൂമി ഏറ്റെടുക്കൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
ശബരി വിമാനത്താവളം-9 കോടിയിൽ ഒരു വിഹിതം
ചെറുവള്ളി എസ്റ്റേറ്റിൽ 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ നിശ്ചയിച്ചത്. ഭൂമിയുടെ അവകാശം നേടാൻ പാലാ കോടതിയിൽ സിവിൽ കേസും കൊടുത്തു. ഇതിനിടെ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ തീരുമാനം എടുത്തു. എന്നാൽ ഇതിനെതിരേ ഭൂമി കൈവശം വെച്ചിരിക്കുന്ന ബിലീവേഴ്സ് ചർച്ച് ഹൈക്കോടതിയെ സമീപിച്ചു. ഈ നടപടി കോടതി റദ്ദാക്കി. തുടർന്ന് എന്തെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. വിശദ പ്ലാൻ തയ്യാറാക്കാനാണ് ഇപ്പോൾ ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്.
റബ്ബറിന് 170
2015-ൽ പ്രഖ്യാപിച്ച താങ്ങുവിലയാണ് ഇപ്പോഴും തുടരുന്നത്. റബ്ബറിന് പലപ്പോഴും വിപണിവില 150 കടന്നിരുന്നു. താങ്ങുവില കൂട്ടണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടുവരുകയായിരുന്നു. ഈ വില ആശ്വാസകരം.
എസ്.പി.സി.എസ്. -സാഹിത്യമ്യൂസിയം
കോട്ടയം മറിയപ്പള്ളിയിലെ കാമ്പസിൽ സാഹിത്യമ്യൂസിയം തുറക്കാൻ 9.50 കോടിയാണ് കിട്ടുക. അടുത്ത മാസം തറക്കല്ലിടും. എഴുത്തുകാരുടെ കൃതികളുടെ കൈയെഴുത്തുപ്രതികൾ, ഓപ്പൺ എയർ തിയേറ്റർ, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവ ഇതിലുണ്ട്. നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്
പള്ളിക്കത്തോട് തെക്കുംതല കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന് അഞ്ച് കോടി രൂപ അനുവദിച്ചു. കൂടുതൽ വികസനപ്രവർത്തനങ്ങൾക്കാണിത്. സിനിമാസംബന്ധമായ പഠനമാണ് ഇവിടെ നടക്കുന്നത്.
അമുൽ മോഡൽ റബ്ബർ കമ്പനി
വെള്ളൂർ എച്ച്.പി.സി.യുടെ കാമ്പസിലെ അധികസ്ഥലത്ത് അമുൽ മാതൃകയിൽ റബ്ബർ സംഭരണകേന്ദ്രം തുറക്കും. മൊത്തം 1050 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ 26 ശതമാനം പങ്കാളിത്തമുള്ള സഹകരണ പ്രസ്ഥാനമാണിത്. ഇവിടെത്തന്നെ റബ്ബർ ഉത്‌പന്ന നിർമാണകേന്ദ്രങ്ങളും ഒരുങ്ങും.
സിയാൽ മാതൃകയിലുള്ള കമ്പനിയെന്നാണ് മുമ്പ് പറഞ്ഞുവന്നിരുന്നതെങ്കിലും ഇക്കുറി ബജറ്റിൽ അമുൽ മോഡൽ എന്നാണ് വ്യക്തമാക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ സ്ഥലം ഏറ്റെടുക്കുമെന്ന് മുമ്പ് പറഞ്ഞെങ്കിലും നടന്നില്ല. എച്ച്.പി.സി. സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതോടെ ഇവിടെ സ്ഥലം കണ്ടെത്താനാകും.
ചാമ്പ്യൻസ് ബോട്ട് ലീഗ്
ചാമ്പ്യൻസ് ബോട്ട് ലീഗ് പല വേദികളിലായിട്ടാണ് നടക്കുന്നതെങ്കിലും കുമരകത്തിന് അതിൽ വലിയ പങ്കുണ്ട്. തുഴച്ചിൽക്കാരിലേറെയും ഇവിടെനിന്നാണ്. ഇവിടത്തെ താഴത്തങ്ങാടി മത്സരം ലീഗിന്റെ ഭാഗവുമാണ്. 20 കോടി രൂപയാണ് ഇവയ്ക്ക് അനുവദിച്ചത്.
അതിഥികൾക്കും കരുതൽ
അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ചങ്ങനാശ്ശേരി പായിപ്പാട് അവർക്ക് അടിസ്ഥാനസൗകര്യകേന്ദ്രങ്ങൾ സജ്ജമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണിത്.
മൊത്തം പദ്ധതികൾക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 8000 അതിഥി തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
ലോക്‌ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് അവർ സമരരംഗത്ത് ഇറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു.
അതിവേഗ റെയിൽവേ
അതിവേഗ റെയിൽവേ കോട്ടയം വഴിയാണ് കടന്നുപോകുന്നത്. ഇതിന്റെ സ്ഥലമെടുപ്പിന് ഈ വർഷം തുടക്കമാകും. മൊത്തം 60,000 കോടിയാണ് പദ്ധതിച്ചെലവ്.
പൊൻകുന്നം-പുനലൂർ റോഡ്
16 വർഷം മുമ്പ് അംഗീകാരം കിട്ടി, പോയവർഷം പണി തുടങ്ങിയ പൊൻകുന്നം-പുനലൂർ പാതയുടെ നവീകരണം ഈ വർഷം പൂർത്തിയാകുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു. രണ്ട് മാസത്തിനകം പണി പൂർത്തിയാകും.
താറാവിന് ഇൻഷുറൻസ്
പക്ഷിപ്പനിയുടെ ഷോക്കിൽനിന്ന് മോചിതമാകാത്ത കോട്ടയത്തിന് ആശ്വാസമാണ് താറാവിനുള്ള ഇൻഷുറൻസ് പദ്ധതി.
രോഗം വന്ന 10,000 താറാവുകളെയാണ് കഴിഞ്ഞ വാരം കൊല്ലേണ്ടിവന്നത്. പടിഞ്ഞാറൻ മേഖലയിലെ വലിയൊരു കാർഷിക സംരംഭമാണ് താറാവ് കൃഷി.