അകന്ന വിശ്വാസികളെ ഒപ്പംനിർത്താൻ ശ്രമിച്ച്

ദേവസ്വം ധനസഹായവും വാർഷിക ആദായവും കൂട്ടി

ശബരി റെയിൽവേക്ക്‌ വലിയ തുക കണ്ടെത്തുന്നു 

കോട്ടയം: ശബരിമല പ്രക്ഷോഭകാലത്ത് അകന്നുപോയ വിശ്വാസികളെ അടുപ്പിച്ച് നിർത്താനും ശ്രദ്ധിച്ച് സംസ്ഥാന ബജറ്റ്. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം ശബരി റെയിൽവേയുടെ ചെലവിന്റെ പാതി ഏറ്റെടുക്കാനുള്ള തീരുമാനമാണ് ഇതിലൊന്ന്. ശബരി വിമാനത്താവളവും ദേവസ്വം ധനവിഹിതം കൂട്ടിയതും ഇതിനൊപ്പം ചേർത്ത് വായിക്കാം.

ശബരി റെയിൽപ്പാതയ്ക്ക്‌ ചെലവ് കൂടുന്നതായി കാണിച്ച് 2015-ൽ റെയിൽവേ സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. പാതിചെലവ് വഹിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാം എന്നായിരുന്നു അറിയിപ്പ്. അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഇതിനോട് യോജിച്ചു. പക്ഷേ പിന്നീട് വന്ന ഈ സർക്കാർ പാതിചെലവിനോട് യോജിച്ചില്ല. പക്ഷേ ആ നയമാണ് ഇപ്പോൾ തിരുത്തുന്നത്. വലിയ പദ്ധതികൾ നടപ്പാക്കിയ സർക്കാർ എന്ന ഖ്യാതി ഗെയിലിലൂടെ കിട്ടയതാണ് പ്രചോദനം. ഒപ്പം ശബരിമല തീർഥാടകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്യാം.

ശബരിമല വിമാനത്താവള വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തീർഥാടകർക്ക് എളുപ്പം എത്താൻ സഹായിക്കുന്നതാണ് വിമാനത്താവളം എന്ന് സർക്കാർ പറയുന്നു. ഭൂമി ഏറ്റെടുപ്പ് തർക്കമൊക്കെയുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ബജറ്റ്.

ദേവസ്വങ്ങൾക്ക് തുക വർധിപ്പിക്കാനും സർക്കാർ ശ്രദ്ധിച്ചു.2020-21-ൽ 118 കോടിയാണ് ദേവസ്വം ബോർഡുകൾക്ക് നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി പ്രത്യേകം കൊടുക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ പാതി പോലും ഇതേവരെ കിട്ടിയിട്ടില്ല. കോവിഡ് പ്രതിസന്ധിയാണ് സഹായം വൈകാൻ കാരണമായി പറഞ്ഞത്. 

ഇക്കുറി സഹായം 150 കോടിയാക്കി വർധിപ്പിച്ചു.1949-ൽ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ സർക്കാർ ഏറ്റെടുത്ത വസ്തുക്കളുടെ വാർഷിക ആദായം 46 ലക്ഷമായി നിശ്ചയിച്ചാണ് നൽകിയിരുന്നത്. ഇത് സമീപകാലത്ത് 80 ലക്ഷമായിരുന്നു. ഈ ബജറ്റ് തുക 10 കോടിയാക്കി ഉയർത്തി. 

error: Content is protected !!