കാഞ്ഞിരപ്പള്ളിയിൽ കണ്ടത് പുലിയല്ല , കാട്ടുപൂച്ചയെന്ന് കാൽപാടുകൾ പരിശോധിച്ച് വനം വകുപ്പ്..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടി ബി റോഡിന്റെ ലിങ്ക് റോഡായ ജനതാ റോഡിന്റെ സമീപം പുലിയെ കണ്ടെന്നുള്ള വാർത്ത പ്രദേശവാസികളെ ഏറെനേരം പരിഭ്രാന്തരാക്കി . തിങ്കളാഴ്ച രാത്രിയി പത്തരയോടെ ജനതാ റോഡിന്റെ പരിസരത്തുള്ള ഒരു വീടിന്റെ മുറ്റത്തു നിന്നും വളർത്തുനായ ഭീതിയോടെ കുരയ്ക്കുന്നത് കേട്ട് വീട്ടമ്മ കതക് തുറന്ന് നോക്കിയപ്പോൾ, മുറ്റത്തു നിന്നും പുലിയോട് സാദൃശ്യം ഉള്ള ഒരു ജീവി മതില് ചാടി ഓടുന്നത് കണ്ടുവത്രേ . തുടർന്ന് പരിശോധിച്ചപ്പോൾ, വീട്ടുമുറ്റത്ത് വലിയ കാൽപാടുകൾ കണ്ടെത്തിയതോടെ അത് പുലിയായിരിക്കും എന്ന വാർത്ത നാടാകെ പരന്നു. പുലർച്ചെ മുതൽ നാട്ടുകാർ സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച ഉച്ചയോടെ വാർത്തയറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപാടുകളുടെ പരിശോധനയിൽ, അത് പുലിയുടെ കാൽപാടുകൾ അല്ലെന്നും , വലിയ കാട്ടുപൂച്ചയുടെ കാല്പാടുകളോടാണ് ഏറെ സാദൃശ്യം എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .