കാലവർഷം വന്നോ, ഇല്ലയോ?; വരവറിയിക്കാൻ വേണം മൂന്ന്‌ പൊരുത്തങ്ങൾ

മേയിലെ അവസാനനാളുകളിൽ തോരാമഴ പെയ്യുമ്പോൾ അത് തെക്കുപടിഞ്ഞാറൻ കാലവർഷം, അതായത് എടവപ്പാതിയാണെന്ന് ജനം പറയും.എന്നാലത് കാലവർഷമാണെന്ന് കാലാവസ്ഥാവകുപ്പ് സാങ്കേതികമായി സമ്മതിക്കുകയുമില്ല. ഇത്രയും മഴ പെയ്തിട്ടും കാലവർഷമല്ലേ എന്ന് ചോദിച്ച് ട്രോളുകളും നിറയുന്നു. എന്താണ് ഈ വൈരുധ്യത്തിന് കാരണം? എടവപ്പാതിക്ക് സമാനമായ മഴപെയ്താലും കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥാവകുപ്പ് സ്ഥിരീകരിക്കുന്നത് മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.

1 – മഴപ്പൊരുത്തം

കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമുള്ള 14 മഴമാപനകേന്ദ്രങ്ങളിൽ ഒമ്പതെണ്ണത്തിൽ തുടർച്ചയായി രണ്ടുദിവസം 2.5 മില്ലീമീറ്ററോ അതിൽക്കൂടുതലോ മഴ രേഖപ്പെടുത്തിയാൽ രണ്ടാംദിവസം കാലവർഷത്തിന്റെ വരവ് സ്ഥിരീകരിക്കാം.തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, കർണാടകത്തിലെ മംഗലാപുരം, ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി എന്നിവയാണ് ഈ കേന്ദ്രങ്ങൾ.

2 – കാറ്റുപൊരുത്തം

മഴയൊത്താലും പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലെങ്കിൽ കാലവർഷം സ്ഥിരീകരിക്കാനാവില്ല.അറബിക്കടലിൽ ഭൂമധ്യരേഖമുതൽ 10 ഡിഗ്രി അക്ഷാംശംവരെയും 55 ഡിഗ്രിമുതൽ 80 ഡിഗ്രിവരെ രേഖാംശത്തിലുമുള്ള പ്രദേശത്ത് പടിഞ്ഞാറൻ കാറ്റ് 4.5 കിലോമീറ്റർവരെ ഉയരത്തിലുണ്ടാവണം. അല്ലെങ്കിൽ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിച്ചാലും മഴയുണ്ടാകണമെന്നില്ല.

3 – വികിരണപ്പൊരുത്തം

ഭൂമിയിൽനിന്ന് ഉയരത്തിലേക്ക് പോകുന്ന ചൂടിന്റെ വികിരണത്തിന്റെ തോത് കുറഞ്ഞിരിക്കണം.ഇത് ചതുരശ്ര മീറ്ററിൽ 200 വാട്‌സിൽ കുറവായിരിക്കണം. കൂടുതൽ വികിരണം ആകാശത്തെത്തിയാൽ അന്തരീക്ഷത്തിൽ മേഘാവരണം കുറവാണെന്ന് അർഥം. മറിച്ചാണെങ്കിൽ മഴമേഘങ്ങൾ കൂടുതലും.

error: Content is protected !!