ഊത്തപിടിത്തക്കാരെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും 3 മാസം തടവും; വീഡിയോ പങ്കുവെക്കുന്നരും പെടും
പുതുമഴയില്‍ പുഴയും തോടും കരകവിയുമ്പോള്‍ ഊത്തപിടിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക – നിങ്ങളെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും മൂന്നുമാസം തടവും. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഉള്‍നാടന്‍ മത്സ്യബന്ധനം നിയമവിരുദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഊത്തപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വകുപ്പ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും. ശുദ്ധജലത്തില്‍ മുട്ടയിടുന്നതിനാണ് മത്സ്യങ്ങള്‍ വെള്ളത്തിനൊപ്പം വയലിലേക്കും പുഴയിലേക്കും കയറിവരുന്നത്. ഈ സമയത്ത് അവയുടെ വയര്‍നിറയെ മുട്ടകളായിരിക്കും. കൂട്ടത്തോടെ എത്തുന്ന മീനുകള്‍ക്ക് വേഗവും കുറവായിരിക്കും. മീന്‍വേട്ട വ്യാപകമായത് ശുദ്ധജലമത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഊത്തപിടിത്തം നിരോധിച്ചത്.
വെള്ളമൊഴുകുന്ന വഴിയില്‍ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഫിഷറീസ്, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
നടക്കുന്നത് മത്സ്യക്കുരുതി
മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറിവരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത. ഊത്തല്‍, ഊത്തകയറ്റം, ഏറ്റുമീന്‍ കയറ്റം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്.
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് മീനുകളുടെ സഞ്ചാരം തുടങ്ങുന്നത്. സംസ്ഥാനത്തെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്.
പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്‍ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. മത്സ്യക്കുരുതിക്കെതിരേ വല ശക്തമാക്കി ഫിഷറീസ് വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യം പങ്കുവെക്കുന്നവരും കുടുങ്ങും.