മുണ്ടക്കയത്ത് മാതാപിതാക്കൾക്ക് അത്യാവശ്യ മരുന്നുകളോ, ഭക്ഷണമോ നൽകാതെ നൽകാതെ മകൻ വീട്ടിൽ പൂട്ടിയിട്ടു, പോലീസും ജനപ്രതിനിധികളും എത്തി രക്ഷപെടുത്തി, അച്ഛൻ മരിച്ചു, അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..
മുണ്ടക്കയം : നാടിനെ നടുക്കിയായ് ക്രൂരത അരങ്ങേറിയത് മുണ്ടക്കയം പഞ്ചായത്തില്‍ പെട്ട അസംബനിയിലാണ്. നാളേറെയായി അത്യാവശ്യ മരുന്നുകളോ, ഭക്ഷണമോ നൽകാതെ, പുറത്ത് മലമൂത്ര വിസര്‍ജനം നടത്തുവാൻ പോലും അനുവദിക്കാതെ, മാതാപിതാക്കളെ വീട്ടിലെ മുറിയ്ക്കുള്ളിൽ മകൻ പൂട്ടിയിട്ടു. ദുരിതാവസ്ഥ അറിഞ്ഞു, പോലീസും, ജനപത്രിനിധികളും, ആരോഗ്യപ്രവർത്തകരും ചേർന്ന് വീട്ടിലെത്തി ബലമായി മാതാപിതാക്കളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. അടുത്ത ദിവസം അച്ഛൻ മരിച്ചു. മാനസിക നില തെറ്റിയ നിലയിൽ അമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം അസംബനിയനി, തൊടിയില്‍ വീട്ടില്‍ പൊടിയനും (80) , ഭാര്യ അമ്മിണി (76 )യുമാണ് സ്വന്തം മകന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്നത് .
രണ്ടു ആണ്‍മക്കളുടെ മാതാപിതാക്കളായ ഇരുവരും’ ഇളയമകന്‍ റെജിയുടെ വീട്ടിലായിരുന്നു താമസം. തൊട്ടടുത്ത മുറിയില്‍ റജിയും ഭാര്യ’ ജാന്‍സിയും താമസമുണ്ടങ്കിലും മാതാപിതാക്കളെ ഇവര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.. ജാന്‍സിയും റജിയും ജോലിക്കു പോകുമ്പോള്‍ സമീപവാസികളോ ബന്ധുക്കളോ വീട്ടിലേയ്ക്വരാതിരിക്കാന്‍ വീടിന് മുന്നില്‍ വളര്‍ത്ത് നായയെ കെട്ടിയ നിലയിലായിരുന്നു. ഇതുമൂലം മറ്റാര്‍ക്കുംഅടുത്തുപോലും വരാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു .
മുഴുവന്‍ സമയ മദ്യപാനിയായ റജിയെ ഭയന്നു അയല്‍വാസികള്‍ വൃദ്ധ ദമ്പതികളുടെ അടുത്തേയ്ക്കു പോകാറില്ലന്നു പരിസര വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ അറിയിച്ചതിന്നെ തുടര്‍ന്നു കഴിഞ്ഞദിവസം ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി കണ്ടത്. തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗം സിനിമോള്‍ തടത്തിലിനെ അറിയിക്കുകയുമായിരുന്നു. പഞ്ചായത്തംഗം മുണ്ടക്കയം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്. സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദന്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തിയ ശേഷം, മറ്റ് പോലീസ് ഉദോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു.
വീട്ടില്‍ ആളുകള്‍ തടിച്ചു കൂടിയതറിഞ്ഞ് റജി എത്തിയെങ്കിലും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്‍ മരണപെട്ടു. . മാനസികനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിഭാഗത്തിലേക്ക് മാറ്റി. അമ്മിണികൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്.
പ്രായാധിക്യം മൂലം അമ്മിയ്ക്കും പൊടിയനും മറ്റ് ജോലികള്‍ ചെയ്യാനാകാതെ വന്നതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്. ആരോഗ്യം മോശമായ ഇരുവരെയും ഇളയമകന്‍ റെജി വീടിനുള്ളില്‍ പൂട്ടി ഇടുന്നത് പതിവായിരുന്നു.പ്രായാധിക്യത്താല്‍ പുറത്തു പോകാനാവാതെ മലമൂത്രവിസര്‍ജനം വരെ ഈ വൃദ്ധദമ്പതികള്‍ മുറിയിലായിരുന്നു നടത്തിയിരുന്നത്. അധികൃതര്‍ മുറിക്കുള്ളില്‍ കയറി നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തി. ഇതാണ് ഇവര്‍ക്ക് കഴിക്കുവാന്‍ നല്‍കിയിരുന്നത്.
സമീപവാസികളെ ആരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത മൂലം വിവരം പുറത്ത് അറിഞ്ഞതുമില്ല.
പൊടിയന്റെമരണവുമായി ബന്ധപ്പെട്ടു അസ്വാഭാവീക മരണത്തിന് പൊലീസ് കേസെടുത്തു. വൃദ്ധദമ്പതികൾക്ക് ഭക്ഷണവും ചികിത്സയും നല്‍കാതിരുന്നത് സംബന്ധിച്ചു കേസെടുക്കാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
പോസ്റ്റുേ മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.