കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം: പി.സി.ജോർജ് എംഎൽഎയെ സ്പീക്കർ ശാസിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കേസിൽ ഇരയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയന്ന പരാതിയിൽ പി.സി.ജോർജ് എംഎൽഎയെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചു. അന്തസും ധാർമികമൂല്യവും നിലനിർത്താൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ പറഞ്ഞു. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു. താൻ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയിൽ നിന്നു പുറത്താക്കിയതാണെന്നും പി.സി. ജോർജ് പറഞ്ഞു.

വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ നൽകിയ പരാതിയാണ് സമിതി പരിഗണിച്ചത്. കന്യാസ്ത്രീയുടെ സഹോദരിയും സമിതിമുമ്പാകെ ഹാജരായി പരാതിപ്പെട്ടിരുന്നു.

ബലാത്സംഗക്കേസിലെ ഇരയ്ക്ക് പൊതുസമൂഹം പിന്തുണയും സംരക്ഷണവും നൽകണം. സമൂഹത്തിന് മാതൃകയാകേണ്ട നിയമസഭാംഗം ഇതിനുവിരുദ്ധമായി തന്റെ വ്യക്തിതാത്പര്യങ്ങൾക്കുവേണ്ടി അവരെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നത് ഗൗരവതരമാണ്. ഇത് നിയമസഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് കോട്ടമുണ്ടാക്കുന്നു. കേസിന്റെ അന്വേഷണവേളയിൽ എം.എൽ.എ. ഇത്തരം ഇടപെടലുകൾ നടത്തുന്നത് ഭരണഘടനാസ്ഥാപനമായ നിയമസഭയോടുള്ള വെല്ലുവിളിയാണെന്ന് സമിതി കണ്ടെത്തി.

സ്ത്രീവിരുദ്ധപരാമർശങ്ങൾക്ക് ഇത് രണ്ടാംതവണയാണ് പി.സി. ജോർജിന് ശിക്ഷ നൽകിയത് . കെ.ആർ. ഗൗരിയമ്മയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ജോർജിനെ ശാസിച്ചിരുന്നു.

error: Content is protected !!