ഹൈവേ നിർമാണം : മണ്ണെടുത്തുനീക്കിയപ്പോൾ ഉപയോഗശൂന്യമായ റോഡുകൾ നിരവധി .. ആശങ്കയോടെ പ്രദേശവാസികൾ ..
ചിറക്കടവ്: പുനലൂർ-പൊൻകുന്നം ഹൈവേ നിർമാണം ദ്രുതഗതിയിൽ നടക്കുകയാണെങ്കിലും, അതിനിടെ ജനങ്ങളുടെ ആശങ്കകളും കൂടുന്നു. പുതിയ റോഡ് ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോൾ മണ്ണെടുത്തുമാറ്റുന്നതിനിടെ സമീപറോഡുകൾ ഉയർന്നും താഴ്ന്നും തത്കാലം ഗതാഗതത്തിന് ഉപയോഗപ്പെടാത്തവിധമായി മാറിയതാണ് പലരെയും ആശങ്കപ്പെടുത്തുന്നത് .
ഗ്രാമീണമേഖലയായ ചിറക്കടവ് പ്രദേശത്ത് നിർദ്ദിഷ്ട ഹൈവേയിലേക്കെത്തുന്ന നിരവധി പഞ്ചായത്ത് റോഡുകളുണ്ട്. അവയെല്ലാം ഇപ്പോൾ ഉപയോഗിക്കാനാകാത്തവിധമായി. മണ്ണെടുത്തുമാറ്റിയപ്പോൾ ഉയരത്തിലായിപ്പോയ റോഡുകളിലൊന്നായ എസ്.ആർ.വി.-ചേന്നംപള്ളി റോഡിൽ ഗതാഗതം മുടങ്ങി. ചേന്നംപള്ളി-മുരുത്തുമല റോഡിന്റെ സ്ഥിതിയും ഇതുതന്നെ.
ഉയരത്തിലുള്ള കൽക്കെട്ടുമൂലം വഴിയടഞ്ഞുപോയ വഴിയോരത്തെ വീട്ടുകാർക്ക് പുതിയ വഴി വരുമ്പോൾ കുത്തുകയറ്റം കയറേണ്ടിവരും വീടുകളിലേക്കെത്താൻ. ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങളാണ് നാട്ടുകാർക്ക് പറയാനുള്ളത്. പരമാവധി നഷ്ടങ്ങളൊഴിവാക്കി നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചെങ്കിലും സർവേപ്രകാരമുള്ള നിർമാണമല്ല പ്രദേശത്തെന്ന ആരോപണമാണ് പ്രധാനമായും നാട്ടുകാർ ഉന്നയിക്കുന്നത്.
പ്രദേശത്ത് കൂറ്റൻകൽക്കെട്ടുകൾ നിർമിച്ചത് ചിലയിടത്ത് പൊളിഞ്ഞുവീഴുന്നതിലും ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.