ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് റോഡിൽ വീണ യുവാവിന് രക്ഷകനായത് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി
കാഞ്ഞിരപ്പള്ളി : വിഴുക്കിത്തോട്ടിൽ വച്ച് ഒരേ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടു ബൈക്കുകൾ കൂട്ടിമുട്ടി, അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകനായത്, ആ സമയത്തു അതുവഴി എത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി.
രാമപുരം എംഎ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ഇടകടത്തി സ്വദേശിയായ യുവാവ്, അടുത്ത ദിവസത്തെ പരീക്ഷ എഴുതുവാൻ, കോളേജ് ഹോസ്റ്റലിലേക്ക് ബൈക്കിൽ പോകവേ, വിഴുക്കിത്തോട് പരുന്തൻമല ഭാഗത്തു വച്ച് അപകടത്തിൽ പെടുകയായിരുന്നു. മുൻപിൽ പോയ ബൈക്കിനെ മറികടക്കുവാൻ ശ്രമിക്കവേ, ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരായ ഇരുവരും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ കൈയ്ക്കും, കാലിനും പരിക്കേറ്റിരുന്നു.
പരിക്കേറ്റവരെ സഹായിക്കുവാൻ പരിസരവാസികൾ ഓടികൂടിയെങ്കിലും, അവരെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതുവഴി വന്ന പല വാഹനങ്ങളും നിർത്താതെ പോയതോടെ, പരസഹായം കൂടാതെ യാത്ര ചെയ്യുവാൻ സാധിക്കാതെ യുവാക്കൾ ബുദ്ധിമുട്ടിലായി. എന്നാൽ ആ സമയത്തു അതുവഴി കാറിൽ വന്ന കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, വണ്ടി നിർത്തി ഇറങ്ങി കാര്യങ്ങൾ അന്വേഷിക്കുകയും, പരിക്കേറ്റ യുവാവിനെ കാറിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തന്നെ ഒറ്റയ്ക്കാക്കി പോകരുതെന്നും, തന്റെ മാതാപിതാക്കൾ വരുന്നതുവരെ കൂടെ നിൽക്കണം എന്നുമുള്ള യുവാവിന്റെ അപേക്ഷയെ മാനിച്ചുകൊണ്ട്, വളരെ അത്യാവശ്യമായി കോട്ടയത്തിന് പോകേണ്ട ആവശ്യം ഉണ്ടായിരുന്നിട്ടുകൂടി, അത് മാറ്റിവച്ച് അഡ്വ സിബി ചേനപ്പാടി, മാതാപിതാക്കൾ വരുന്നതുവരെ ആശുപത്രിയിൽ പരിക്കേറ്റ യുവാവിനൊപ്പം കാത്തിരുന്നു. ഒപ്പം നിയമ നടപടികൾക്ക് വേണ്ട സഹായം നൽകുകയും ചെയ്തു. കോവിഡ് രോഗബാധ കൂടി നിൽക്കുന്ന മേഖലയായതിനാൽ , ആശുപത്രിയിൽ പരിക്കേറ്റ യുവാവിന് പൂർണ സുരക്ഷ ഒരുക്കുന്നത്തിനു ഉത്തരവാദിത്വപ്പെട്ടവർ എത്തുന്നതുവരെ തന്റെ സാന്നിധ്യം അത്യവശ്യമാണെന്ന് മനസ്സിലാക്കിയ അഡ്വ. സിബി, യുവാവിന്റെ ഒപ്പം തന്നെ മുഴുവൻ നിൽക്കുവാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു .
ആപത്തിൽ പെട്ട തങ്ങളുടെ മകനോട് കാണിച്ച കാരുണ്യത്തിന്, ആശുപത്രിയിലെത്തിയ യുവാവിന്റെ മാതാപിതാക്കൾ നിറകണ്ണുകളോടെ അഡ്വ സിബി ചേനപ്പാടിയോട് നന്ദി പറഞ്ഞു .