പാലം അപകടത്തിൽ, തൂണിന്റെ കല്ലുകൾ ഇളകി വിണ്ടു കീറിയ നിലയില്‍

കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിലെ 26-ാം മൈൽ പാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്റെ തൂണിന്റെ അടിവശത്തെ കല്ലുകൾ ഇളകി പോയി. ഇരുവശത്തെയും സംരക്ഷണ ഭിത്തികളിലെ കല്ലുകൾ ഇളകി വിണ്ടു കീറിയ നിലയിലും. റോഡിൽ പാലവും ‍ റോഡും ചേരുന്ന ഭാഗത്ത് ടാറിങ് കുഴിഞ്ഞ നിലയിലുമാണ്.നാലു വർഷം മുൻപാണ് പാലത്തിന്റെ തൂണുകളിലെ കല്ലുകൾ അടർന്നു ബലക്ഷയമുള്ളതായി ആദ്യം കണ്ടെത്തിയത്. അന്നു താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുക മാത്രമാണ് ചെയ്തത്. 2017ലെ മണ്ഡലകാലത്തിനു മുൻപാണ് പാലത്തിന്റെ തൂണുകളുടെ കല്ലുകൾ ഇളകിയ നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള കരിങ്കൽത്തൂണുകളുടെ കല്ലുകൾ അടർന്നു വീണതോടെ അന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍ പാലത്തിന് ബലക്ഷയമുള്ളതായി കണ്ടെത്തി. 

അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം മണ്ഡലകാലം കഴിഞ്ഞ് പുതിയ പാലം നിർമിക്കുമെന്നാണ് അന്നു അധികൃതർ അറിയിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഒരു വശത്തു കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. പിന്നീട് തൂണുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. ‍ ഇതിനു ശേഷം പാലവും റോഡും ചേരുന്ന ഭാഗത്ത് രണ്ട് ഗർത്തങ്ങളുണ്ടായി. ടാറിങ് കുഴിഞ്ഞുണ്ടായ ഗർത്തങ്ങളും പാലത്തിന്റെ ബലക്ഷയത്തെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇവയിൽ മക്ക് നിറച്ച് താൽക്കാലികമായി റീടാർ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പുതിയ പാലം നിർമിക്കുന്നതിനായി സർക്കാരിനു പദ്ധതി സമർപ്പിക്കുമെന്നും അന്നു കോട്ടയം ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയറും അറിയിച്ചിരുന്നു. പാലത്തിന്റെ നിർമാണത്തിനായുള്ള സാധ്യത പഠനവും നടത്തി. പാലത്തിന്റെ ഇരുവശങ്ങളും വീതി കൂട്ടിയും കാൽനടയാത്രക്കാർക്കു നടപ്പാത ഉൾപ്പെടെ മികച്ച നിലവാരത്തിൽ പാലം നിർമിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.എന്നാൽ ഇതുവരെയും യാതൊരു തുടര്‍നടപടികളും ഉണ്ടായില്ല. ഇപ്പോൾ പാലത്തിന്റെ തൂണുകളുടെ അടിഭാഗത്തെ കല്ലുകളാണു ഇളകി പോയിരിക്കുന്നത്. റോഡിലെ ടാറിങ്ങും പഴയതു പോലെ കുഴിഞ്ഞു. പൊതുമരാമത്ത് ബ്രിജസ് വിഭാഗത്തിനാണു പാലത്തിന്റെ ചുമതല. നാലു വർഷമായിട്ടും പാലം പുനർനിർമിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

error: Content is protected !!