സാരഥി അംഗങ്ങള്‍ക്ക് “ടൗണ്‍ കോണ്ടാക്ട് ” ഫ്രീ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനയായ സാരഥി ബാംഗ്ലൂര്‍ ടൗണ്‍ ടെക്‌നോളജി എന്ന കമ്പനിയുമായി സഹകരിച്ച് നിര്‍മ്മിച്ച ടൗണ്‍ കോണ്ടാക്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കാഞ്ഞിരപ്പിള്ളി രൂപതാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്തു.

ധാര്‍മ്മികതയിലൂന്നിയ തൊഴില്‍ സംസ്‌കാരത്തിലൂടെ നമ്മുടെ നാടിന് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ സാരഥിയംഗങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ഉദ്ഘാടനസന്ദേശത്തില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും സാരഥി ചെയര്‍മാനുമായ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠമായ ദൗത്യമാണ് സാരഥിയംഗങ്ങള്‍ നിര്‍വഹിക്കുന്നതെന്നും സാരഥിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തുവാന്‍ ഇനിയും കഴിയട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു. സാരഥി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ വെ. റവ. ഫാ. ബോബി മണ്ണംപ്ലാക്കല്‍, ടൗണ്‍ ടെക്‌നോളജി കമ്പനി സി.ഇ.ഓ. ശ്രീ. ജോയല്‍ ഇമ്മാനുവല്‍, ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍, സാരഥി സംസ്ഥാന ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍, കമ്പനി എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് യോഗത്തില്‍ സംബന്ധിച്ചു.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൗണ്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബ്രഹത്തായ ഈ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏത് സ്ഥലത്തെയും ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷന്‍, എ.ടി.എം, ബാങ്ക് ശാഖ, പോസ്റ്റ് ഓഫീസ്, അക്ഷയകേന്ദ്രം തുടങ്ങിയ നിരവധി സേവന കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കും. കേരളത്തിലെ ഓട്ടോ – ടാക്‌സി ഡ്രൈവേഴ്‌സ്, മറ്റ് സ്വയം തൊഴില്‍ ദാതാക്കളായ പ്ലംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി എല്ലാവര്‍ക്കും വളരെ പ്രയോജനപ്പെടുന്ന ടൗണ്‍ കോണ്‍ടാക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് സാരഥി അംഗങ്ങളല്ലാത്ത സേവനദാതാക്കള്‍ വാര്‍ഷികവരിസംഖ്യയായി 499 രൂപ നല്‍കേണ്ടതുണ്ടെന്ന് ടൗണ്‍ ടെക്‌നോളജി സിഇഓ ശ്രീ. ജോയല്‍ ഇമ്മാനുവല്‍ അറിയിച്ചു.

error: Content is protected !!