പോപുലർ ഫ്രണ്ട് സ്ഥാപനക ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ ബഹുജനറാലിയും, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും
കാഞ്ഞിരപ്പള്ളി : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിവസമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി നടത്തിയ ‘പോപുലർ ഫ്രണ്ട് ഡേ’ യുടെ കോട്ടയം ജില്ലാതല ആചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ അണിനിരന്ന ബഹുജനറാലിയും, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും നടത്തി. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് നടത്തിയത് .
ഫെബ്രുവരി 17 നു വൈകിട്ട് 4.30ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിന്ന് ആരംഭിച്ച യൂണിറ്റി മാർച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്ലിയാർ നഗറിൽ (ആനന്താനം മൈതാനം) സമാപിച്ചു . തുടർന്ന് നടന്ന പൊതുസമ്മേളനം ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. .
ഫാസിസത്തിനെതിരെ ജനകീയ ചെറുത്ത്നിൽപ്പ് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷറഫ് മൗലവി. രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് സ്ഥാപനക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസറ്റുകളെ എതിർക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന സമീപനങ്ങളാണ് സംഘപരിവാർ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളുടെ നിലപാടിനെ എതിർക്കണം. എന്നാൽ ന്യായമായ കാര്യത്തിനാണെങ്കിൽ അന്വേഷണ ഏജൻസികളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ എതിർക്കുന്ന ഒറ്റക്കാരണം കൊണ്ടാണ് പോപുലർ ഫ്രണ്ടിനെതിരെ സംഘപരിവാർ ഭരണകൂടം മുഴുവൻ സംവിധാനങ്ങളുമായി രംഗത്തുവരുന്നത്. എന്നാൽ സംഘപരിവാര അജണ്ടകൾക്കെതിരായ സമരത്തിൽ പോപുലർ ഫ്രണ്ട് എപ്പോഴും മുന്നിൽ തന്നെ ഉണ്ടാവുമെന്നും കരമന അഷറഫ് മൗലവി പറഞ്ഞു.
പോപുലർ ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സുനീർ മൗലവി അധ്യക്ഷതവഹിച്ചു. അബ്ദുൽ നാസർ ബാഖവി അൽ ഖാസിമി, എസ്ഡിപിഎെ ജില്ലാ പ്രസിഡന്റ് യു നവാസ്, പോപുലർ ഫ്രണ്ട് എറണാകുളം സോണൽ പ്രസിഡന്റ് കെ കെ ഹുസൈർ, സെക്രട്ടറി എം എച്ച് ഷിഹാസ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എം ഷമ്മാസ് എന്നിവർ സംസാരിച്ചു.


