കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു
മണിമല: കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി 12.20നു താന്നുക്കുഴി വെള്ളക്കല്ലിൽ റോസ്മേരിയുടെ കൈതതോട്ടത്തിൽനിന്ന് ലൈസൻസുള്ള തോക്ക് ഉടമയാണു പന്നിയെ വെടിവച്ചുകൊന്നത്. കോട്ടയം ജില്ലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നിയെ ആദ്യമായിട്ടാണു വെടിവച്ചു കൊല്ലുന്നത്. എരുമേലി റേഞ്ചിന്റെ കീഴിൽ 16 പേർക്കാണു കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന പന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ളത്.
പൊന്തൻപുഴ, ആലപ്ര, മേലേകവല, കരിന്പനക്കുളം, താന്നിക്കുഴി, കറിക്കാട്ടൂർ, പുലിക്കല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കാർഷികവിള കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് പതിവായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ വനംവകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് സർക്കാർ അനുമതി ലഭിച്ചതോടെയാണു പന്നിയെ വെടിവച്ചു കൊന്നത്. പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.വി. വെജിയുടെ നേതൃത്വത്തിൽ വനപാലകർ എത്തി പന്നിയുടെ ജഡം മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മറവുചെയ്തു.
കാട്ടുമൃഗങ്ങളുടെ ശല്യം ഈ പ്രദേശങ്ങളിൽ വ്യാപകമായിരുന്നു. ഏക്കർ കണക്കിനു സ്ഥലങ്ങളിലെ കപ്പ ഉൾപ്പെടെയുള്ള കൃഷികളാണ് കാട്ടുമൃഗങ്ങൾ നശിപ്പിച്ചിരുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചതോടെ ഈ പ്രദേശത്തെ കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിച്ച നിലയിലായിരുന്നു.
കോട്ടയം ജില്ലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നിയെ ആദ്യമായിട്ടാണു വെടിവച്ചു കൊല്ലുന്നത്. എരുമേലി റേഞ്ചിന്റെ കീഴിൽ 16 പേർക്കാണു കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന പന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ളത്.