കോവിഡ് രോഗിയുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ ദഹിപ്പിച്ചു
x
പൊടിമറ്റം: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു.
പൊടിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ പൊടിമറ്റം ഊന്നുകല്ലിൻപുറം മേരി ചാക്കോ(76) യുടെ മൃതദേഹമാണ് ദഹിപ്പിച്ചശേഷം ഭൗതികാവശിഷ്ടം കല്ലറയിൽ സംസ്‌കരിച്ചത്. ശവസംസ്‌കാരശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ബ്രദർ ജിൻസ് പരിയാരം എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
വിജയപുരം രൂപത കെ.സി.വൈ.എം. പൊടിമറ്റം യൂണിറ്റ് ടാസ്‌ക് ഫോഴ്‌സും വിജയ് സമരിറ്റിൻ സന്നദ്ധസേനാ അംഗങ്ങളും ചേർന്നാണ് ശവസംസ്‌കാരം നടത്തിയത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം നേടിയിരുന്നു ഇവർ.
സന്നദ്ധസേനാ അംഗങ്ങളായ ബിനു ജോസഫ്, ജിതിൻ ജോണി, സിജോ പൊടിമറ്റം, അരുൺ ടോമി, മുബിൻ ജോസഫ്, ബിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.