പാലിൽ പലതാണ് പ്രശ്‌നങ്ങൾകോവിഡും ലോക്‌ഡൗണും
കോട്ടയം: കോവിഡും ലോക്‌ഡൗണും ക്ഷീരമേഖലയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. വിപണി അടഞ്ഞതോടെ വന്ന വിൽപ്പന ഇടിവ് നേരിടാൻ സംഭരണം കുറയ്ക്കാൻ അനൗദ്യോഗികമായി മിൽമ സംഘങ്ങളോട് ആവശ്യപ്പെട്ടു. ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പന കുറഞ്ഞതോടെ കൃഷിക്കാരുടെ പ്രാദേശിക വിൽപ്പന കുറഞ്ഞു. ഇങ്ങനെ വരുന്ന അധികപാൽ സംഘങ്ങളിൽ എത്തിച്ചെങ്കിലും എടുക്കാൻ അധികാരികൾ വലിയ താൽപ്പര്യം കാണിച്ചില്ല. ചില സംഘങ്ങൾ കൊണ്ടുവരുന്ന പാൽ മുഴുവൻ എടുത്ത് മിൽമയ്ക്ക് സ്ഥിരം കൊടുക്കുന്നത് ഒഴികെയുള്ളത് പ്രാദേശികമായി വില കുറച്ച് കൊടുക്കുന്നുണ്ട്. സാമ്പത്തികശേഷിയുള്ള സംഘങ്ങൾ കോവിഡ് കരുതൽ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി പാൽ നൽകുന്നുമുണ്ട്. കോട്ടയത്ത് പല മേഖലകളിലും മറ്റ് പ്രയാസങ്ങളും ഉണ്ടാകുന്നു. ഇവ ഇങ്ങനെ.
വിൽപ്പന ഇടിഞ്ഞു, ശമ്പളം മുടങ്ങുമോ
ക്ഷീരഗ്രാമമായി പ്രഖ്യാപിച്ചതോടെ പാൽ ഉത്‌പാദനരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കിയ ഭരണങ്ങാനം പഞ്ചായത്തിൽ പാൽ വിൽപ്പന കുറഞ്ഞത് സംഘങ്ങളെ പ്രതിസന്ധിയിലാക്കി. നിലവിൽ 500 ലിറ്റർ വരെ പാൽ കയ്യൂർ സംഘത്തിന് കർഷകരിൽനിന്ന് ലഭിക്കുന്നുണ്ട്. 20 ലിറ്ററിൽ കൂടുതൽ പ്രാദേശികമായി വിൽക്കാൻ സാധിക്കുന്നില്ല. മുമ്പ് 100 ലിറ്റർ വരെ പ്രാദേശികമായി ദിവസേന വിൽപ്പന നടത്തിയിരുന്നു. ഇതിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സംഘത്തിലെ ജീവനക്കാരുടെ ശമ്പളവും കെട്ടിടത്തിന്റെ വാടകയും നൽകിയിരുന്നത്.
കോവിഡ് മാത്രമല്ല രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് കയ്യൂർ ക്ഷീരസംഘം ഭാരവാഹി അനീഷ് പറയുന്നു. പാൽ വീടുകളിലെത്തിക്കാൻ സംഘങ്ങൾ ശ്രമിച്ചുനോക്കിയെങ്കിലും ആളുകൾ വാങ്ങുന്നില്ല. പാലമറ്റം ക്ഷീരോത്പാദക സഹകരണസംഘത്തിൽ ദിവസവും 200 ലിറ്റർ പാലിന്റെ കുറവുണ്ട്. ക്ഷീരകർഷകർക്ക് കോവിഡ് ബാധിച്ചതും കന്നുകാലികൾക്ക് കുളമ്പുരോഗം പിടിപെട്ടതുമാണ് പാൽ ലഭ്യതയിൽ കുറവുണ്ടാക്കിയത്.
ഗ്രേഡ് കൂടിയ പാൽ കറുകച്ചാലിൽ സൊസൈറ്റികളിൽ പാൽ നൽകാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കടകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനം കുറഞ്ഞതോടെ കൂടുതൽ കർഷകർ ക്ഷീരസംഘങ്ങളെ ആശ്രയിക്കുകയാണ്. എന്നാൽ ഗ്രേഡ് കൂടിയ പാൽ മാത്രം സംഭരിച്ചാൽ മതിയെന്നാണ് ക്ഷീരസംഘങ്ങൾക്ക് ലഭിച്ചിട്ടുള്ള അറിയിപ്പ്.
20 ശതമാനം കുറയ്കാൻ പൊൻകുന്നം, എലിക്കുളം, ചെറുവള്ളി, ചിറക്കടവ് പ്രദേശങ്ങളിലെ ക്ഷീരോത്പാദക സംഘങ്ങളിൽ പാൽ സംഭരണത്തിൽ ലോക്ഡൗൺ കാലയളവിൽ വർധന. ഹോട്ടലുകളും കോഫിബാറുകളും പ്രവർത്തിക്കാത്തതിനാൽ കർഷകർ മുഴുവൻ പാലും സൊസൈറ്റികളിൽ എത്തിക്കുകയാണ്. 20 ശതമാനം പാൽ സംഭരണം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംഘങ്ങൾ ലഭിക്കുന്ന പാൽ മുഴുവൻ എടുത്ത് നല്ലൊരളവ് പ്രാദേശികമായി വിൽക്കാൻ ശ്രദ്ധിക്കുന്നുണ്ട്. നാട്ടിൽ നാലു രൂപ കുറച്ച് വിൽക്കുന്നതായി ചെറുവള്ളി ക്ഷീരസംഘം പ്രസിഡന്റ് ഇ.എസ്.മധുസൂദനൻ നായർ ഇരിക്കാട്ട് പറയുന്നു.
മലനാട് കുറവ് വരുത്തിയില്ല
കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്തുകളിലേക്കുള്ള വഴികൾ പൂർണമായും അടച്ചതുമൂലം പാൽ വിതരണം തടസ്സപ്പെടുന്നുണ്ട്. എലിക്കുളം പഞ്ചായത്തിൽ നിന്ന് തമ്പലക്കാട് ക്ഷീരോത്പാദക സംഘത്തിലേക്ക് പാൽ എത്തിക്കുന്നതിന് തടസ്സമുണ്ടായിട്ടുണ്ട്. കൂടുതൽ പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിക്കുന്നതോടെ വിതരണം തടസ്സമാകുമോയെന്ന ആശങ്കയിലാണ് കർഷകർ. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്നത് കുറവ് വരുത്തിയിട്ടില്ല. 1.25 ലക്ഷം ലിറ്റർ പാലാണ് ദിവസേന സൊസൈറ്റി ഏറ്റെടുക്കുന്നത്.
രണ്ടിടത്ത് മുടങ്ങി
ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ ഇതുവരെ രണ്ട് ക്ഷീരോത്‌പാദക സംഘത്തിൽ കോവിഡ് ബാധ മൂലം പാൽ ശേഖരണം മുടങ്ങി. തുടർന്നും ഇതേ സാഹചര്യമുണ്ടായാൽ രണ്ട് ദിവസത്തിനുള്ളിൽ മറ്റ് ഭാരവാഹികൾ വഴി സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുന്നു. സംഘത്തിലല്ലാതെ വീടുകളിലും ഹോട്ടലുകളിലും പാൽ വിതരണം നടത്തുന്നവർക്ക് തടസ്സം നേരിടുന്നുണ്ട്. ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ കർഷകർ ആ പാലുംകൂടി സംഘത്തിൽ എത്തിക്കുന്നു.
കറവക്കാർ വരുന്നില്ല
വൈക്കം, കടുത്തുരുത്തി, ബ്രഹ്മമംഗലം ഭാഗങ്ങളിൽ കറവക്കാർ വരുന്നതിൽ മുടക്കം നേരിടുന്നു. പുതിയൊരാൾക്ക് പെട്ടെന്ന് ഒരു പശുവിനെ കറക്കാൻ കഴിയില്ല. രോഗബാധയാണ് കറവക്കാരുടെ വരവ് കുറച്ചത്.