മിനി ട്രിപ്പിൾ ലോക്‌ഡൗൺകടകൾ ആഴ്ചയിൽ രണ്ടുദിവസംമാത്രം

കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ട്രിപ്പിൾ ലോക്‌ഡൗൺ മാതൃകയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ വ്യാഴാഴ്ചമുതൽ നിലവിൽവന്നു. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കർശനമായി തടയാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബുധനാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. രോഗവ്യാപനത്തോത് കൂടുതലുള്ള ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കോട്ടയം, ഈരാറ്റുപേട്ട തുടങ്ങിയ നഗരസഭകൾക്കുപുറമേ 36 തദ്ദേശസ്ഥാപനങ്ങളിലെ 358 വാർഡുകളിലും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്.

കോട്ടകെട്ടി പ്രതിരോധം

കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി പ്രധാന റോഡുകൾ ഒഴികെ ഇടറോഡുകൾ പൂർണമായും അടച്ചു. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കുക. ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് കടകൾ തുറക്കുക. 

ഹോട്ടലുകൾക്ക് രാവിലെ എട്ടുമുതൽ 7.30വരെയാണ് പ്രവർത്തനാനുമതി. പാഴ്‌സൽ സൗകര്യം മാത്രമാണുള്ളത്. പച്ചക്കറി മൊത്തവ്യാപാര കടകൾക്ക് ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ അഞ്ചുമുതൽ 7.30വരെ പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, റേഷൻകടകൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും. 

പട്ടണങ്ങളിലെ ജനത്തിരക്ക് ഒഴിവാക്കുന്നതിന് ജനങ്ങൾ തൊട്ടടുത്തുള്ള കടകളിൽനിന്ന്‌ സാധനങ്ങൾ വാങ്ങണം. മരണാനന്തരച്ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല. 

മറ്റ് ചടങ്ങുകൾ അനുവദനീയമല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!