ബ്ലാക്ക് ഫംഗസ്; ഭീതി വേണ്ട
കോട്ടയം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതിൽ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ചവ്യാധിയല്ല.
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരില്ല. സ്റ്റിറോയ്ഡ് വിഭാഗത്തിൽ പെടുന്ന മരുന്നുകൾ ദീർഘകാലമായി ഉപയോഗിച്ചുവരുന്ന അനിയന്ത്രിത പ്രമേഹവവും രോഗപ്രതിരോധ ശേഷിക്കുറവുമുള്ളവരിൽ നേരത്തെ തന്നെ അപൂർവമായി കണ്ടുവന്നിരുന്ന അണുബാധയാണിത്.
മറ്റുള്ളവർക്ക് ഈ ഫംഗസ്ബാധ ഉണ്ടാകുന്നത് വിരളമാണ്. മുകളിൽ സൂചിപ്പിച്ച വിഭാഗത്തിൽ പെടാത്ത കോവിഡ് രോഗികൾക്ക് ബാധിക്കാൻ സാധ്യതയുമില്ല. സംസ്ഥാനത്ത് ആകെ നിലവിൽ 19 പേർക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനു മുൻപും സംസ്ഥാനത്ത് വർഷത്തിൽ ശരാശരി പത്തിൽ താഴെ ആളുകളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്ന് ഡി.എം.ഒ. പറഞ്ഞു.