ബിജു പറയും, ഓരോ എഫ്.ഐ.ആറും പല ജീവിതകഥകളാണ് പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ബിജു ജോസഫിന്റെ എഴുത്തുജീവിതം

മുണ്ടക്കയം ഈസ്റ്റ് 

: ഒരു പ്രഥമവിവരറിപ്പോർട്ട് എഴുതുന്ന പ്രയാസം ബിജുവിന് ഒരു കഥയെഴുതാനില്ല. ഇതിനകം ഈ എസ്.ഐ. രണ്ട് ചെറുകഥാസമാഹാരവും രണ്ട് നോവലുകളും എഴുതി അടുത്തതിന്റെ പണിപ്പുരയിലുമാണ്. പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ആയ ബിജു എ.ജോസഫ്, ബിജു വിശ്വഭാരതി എന്ന പേരിലാണ് എഴുതുന്നത്.

പോലീസ് പണി എഴുത്തുകാർക്ക് ഭാരമാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് ബിജു പറയും. ഒരു എഴുത്തുകാരന് വേണ്ടതിലേറെ അനുഭവങ്ങൾ ഒരാളുടെ പോലീസ് ജോലിയിൽനിന്ന് കിട്ടും. ഓരോ എഫ്.ഐ.ആറും ഒന്നോ അതിലധികമോ ജീവിതങ്ങളുടെ നേരെഴുത്താണെന്ന് ഇദ്ദേഹത്തിന് അനുഭവമുണ്ട്. പലപ്പോഴും കഥകളെക്കാൾ ചൂടേറിയ അനുഭവങ്ങളാണ് ഓരോ കേസുകളും സമ്മാനിക്കുക. അവയെല്ലാം എഴുതാൻ ഒരു ജന്മം പോരെന്ന് ബിജുവിന് തോന്നും.

2013-ൽ ഒറ്റപ്പെട്ടവൻ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചതോടെയാണ് ബിജു വിശ്വഭാരതി എന്ന കഥാകൃത്തിനെ വായനലോകം പരിചയപ്പെടുന്നത്. പതിനൊന്ന് കഥകളുടെ സമാഹാരമായിരുന്നു ഇത്. മാധ്യമ വിചാരണയിൽ കുറ്റവാളിയാക്കപ്പെട്ടശേഷം നിരപരാധിയെന്നുകണ്ട് കോടതി വിട്ടയച്ച വിശ്വനാഥൻ എന്ന പോലീസ് ഓഫീസറുടെ കഥയായ നക്ഷത്രങ്ങളുടെ ശവപ്പറമ്പ് വർത്തമാനകാലത്തിന് നേർക്ക് പിടിച്ച കണ്ണാടിയാണ്. അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾ തിരുത്തി എഴുതുമോ എന്ന മകന്റെ ചോദ്യം ബിജുവിലെ എഴുത്തുകാരന്റെയും ചോദ്യമാണ്.

തന്റെ ജീവിത വഴിത്താരകളിൽ കണ്ടുമുട്ടുന്ന വ്യക്തികളും മറ്റ് സംഭവങ്ങളും കഥകളായി മനസ്സിലിട്ട് പരുവപ്പെടുത്തിയശേഷം എഴുതുകയാണ് പതിവ്. ഔദ്യോഗിക കൃത്യനിർവഹണത്തിന് ശേഷം കിട്ടുന്ന സമയങ്ങളിലാണ് രചനകൾ. 

ഇക്കാരണം കൊണ്ടുതന്നെ ഓരോ പുസ്തകങ്ങൾ പൂർത്തീകരിക്കുവാനും കാലതാമസം ഏറെയാണ്. ‘കാക്ക’ എന്ന ചെറുകഥാ സമാഹാരവും, ‘അക്കേൽദാമയിലേക്കുള്ള ദൂരം’ എന്ന നോവലുമാണ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയത്. 

കടുത്തുരുത്തി, വിശ്വഭാരതി കോളേജ് ഉടമയും അധ്യാപകനുമായിരുന്ന പരേതനായ ജോസഫിന്റെയും അധ്യാപികയായ അന്നക്കുട്ടിയുടെയും മകനാണ് ബിജു. ഭാര്യ: ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബിന്ദു മോൾ. മക്കൾ: ബെൻ, ബിയ.© 2019 All Rights Reserved. Powered by Summit

error: Content is protected !!