മുൻഗണനാ റേഷൻകാർഡ് അനർഹർക്ക് ഒഴിവാകുവാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും
അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ളവർക്ക് പൊതുവിഭാഗത്തിലേക്ക് കാർഡ് മാറ്റാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. ഇതിനുശേഷവും പി.എച്ച്.എച്ച്.(പിങ്ക്), എ.എ.വൈ.(മഞ്ഞ), എൻ.പി.എസ്.(നീല) കാർഡുകൾ അനർഹമായി ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാർ അറിയിച്ചു.
ഇവരുടെ റേഷൻ കാർഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കിൽ വകുപ്പുതല നടപടികൾക്ക് പുറമേ ക്രിമിനൽ നടപടികളും നേരിടേണ്ടിവരും.
ജില്ലയിൽ നിലവിൽ ആകെ 5,35,855 റേഷൻ കാർഡ് ഉടമകളാണുള്ളത്. എ.എ.വൈ.-35,356, പി.എച്ച്.എച്ച്.-1,73,097, എൻ.പി.എൻ.എസ്.-1,91,591, എൻ.പി.എസ്.-1,30,317, എൻ.പി.ഐ.-5495 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള കാർഡുകളുടെ എണ്ണം.
1319 അപേക്ഷ
റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ ഒന്നുമുതൽ 27 വരെ ജില്ലയിൽ 1319 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 758 കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലുള്ളതാണ്. എൻ.പി.എസ്. വിഭാഗത്തിലെ386 കാർഡുകളും എ.എ.വൈ. വിഭാഗത്തിലെ 175 കാർഡുമുണ്ട്.
കോട്ടയം താലൂക്കിൽനിന്നാണ് കൂടുതൽ 459, ചങ്ങനാശ്ശേരി-214, കാഞ്ഞിരപ്പള്ളി-282, മീനച്ചിൽ-229, വൈക്കം-135 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ അപേക്ഷ. നിരവധി പേർ ഇനിയും അപേക്ഷ നൽകാനുണ്ട്.
പരിശോധന തുടങ്ങി
പൊതുവിതരണവകുപ്പ് അധികൃതർ വീടുകളിലെത്തി കാർഡുകൾ പരിശോധിച്ചുതുടങ്ങി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ മറ്റു മേഖലകളിലും വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തും.
ഇവർ അനർഹർ
സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ മേഖലാ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രതിമാസം 25,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ, ·ഒരു ഏക്കറിൽ അധികം ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ. ഏക ഉപജീവനമാർഗമല്ലാത്ത നാലുചക്രവാഹനം ഉള്ളവർ.പൊതുവിഭാഗത്തിലേക്ക് മാറാൻ
താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ ഈ മെയിൽ വഴിയോ അപേക്ഷ നൽകാം.
താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്‌പെക്ടർ എന്നിവരുടെ ഓഫീസുകളിലോ ഔദ്യോഗിക മൊബൈൽ നമ്പരുകളിലോ ബന്ധപ്പെട്ട് വിവരം അറിയിക്കാം. ഫോൺ നമ്പർ
ജില്ലാ സപ്ലൈ ഓഫീസ്-0481 2560371
ഇ-മെയിൽ: dsoktm1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്
കോട്ടയം-0481 2560494,
ഇ-മെയിൽ: tsoktm@gmail.com
ചങ്ങനാശ്ശേരി-0481 2421660,
ഇ-മെയിൽ: tsochry@gmail.com
മീനച്ചിൽ-0482 2212439
ഇ-മെയിൽ: tsomncl@gmail.com
കാഞ്ഞിരപ്പള്ളി-04828 202543
ഇ-മെയിൽ: tsokjply@gmail.com
വൈക്കം-04829 231269
ഇ-മെയിൽ: vaikomtso@gmail.comകാലാവധി 15 വരെ നീട്ടണം
ചങ്ങനാശ്ശേരി: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശമുള്ളവർ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന സർക്കാർ അന്ത്യശാസനം, ലോക്‌ഡൗൺ പരിഗണിച്ച് ജൂലായ് 15 വരെ നീട്ടണമെന്ന് ഓൾ ഇന്ത്യ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ, ദേശീയ ജനറൽ സെക്രട്ടറി നൈനി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് ഷൈനി ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു.
ലോക്‌ഡൗൺ കാരണം പലയിടത്തും വാഹനസൗകര്യമില്ല. പല താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ നേരിട്ട് സ്വീകരിക്കാത്തതും ഓൺലൈനിലൂടെ അപേക്ഷ അയയ്ക്കാൻ പരിചയമില്ലാത്തവരും ബുദ്ധിമുട്ടുകയാണ്.