ഷംനയ്ക്ക് കണ്ണീരോടെ വിട; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
കൂട്ടിക്കൽ (മുണ്ടക്കയം) ∙ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിയാണ് 12 വയസ്സുകാരി ഷംന മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് ലൈജീനയെ ഇന്ന് അറസ്റ്റ് ചെയ്യും. ഷംനയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന സൂചനകൾ ശരിവയ്ക്കുകയാണു പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കണ്ടത്തിൽ ഷെമീർ എത്തിയതോടെ ഷംനയുടെ കബറടക്കം നടത്തി.ആത്മഹത്യയ്ക്കു ശ്രമിച്ച ലൈജീന ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജിൽ തന്നെയാണ് ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. മകളെ കാണണം എന്നാവശ്യപ്പെട്ടു ലൈജീന ബഹളം വച്ചതായി പൊലീസ് പറയുന്നു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ പറഞ്ഞു.
ഭാര്യയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു മാത്രമാണ് വിദേശത്തുള്ള ഷെമീറിനെ അറിയിച്ചത്. പുലർച്ചെ വീട്ടിൽ എത്തിയ ശേഷമാണ് സംഭവങ്ങൾ അറിയുന്നത്. വീട് പൊലീസ് സീൽ ചെയ്തിരിക്കുന്നതിനാൽ വീട്ടിലേക്ക് കയറുന്ന വഴിയരികിൽ ആംബുലൻസ് നിർത്തിയിട്ടാണ് മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും കാണാൻ അവസരം ഒരുക്കിയത്. മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഷംന. ‘മകൾക്കു മരിക്കാൻ പേടി ആയിരുന്നു, എങ്കിലും ഞങ്ങൾ മരിക്കുകയാണ് ’ എന്ന് നാല് പുറത്തിൽ ലൈജീന എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു ലഭിച്ചിരുന്നു. കബറടക്കം ഉൾപ്പെടെ നന്നായി നടത്തണം എന്ന് എഴുതിയിരുന്ന കുറിപ്പിൽ പക്ഷേ, മരണ കാരണം വിശദീകരിച്ചിട്ടില്ല.