കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് : കർശന നടപടിയുമായി പോലീസ്
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിനുള്ള കാരണങ്ങൾ
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ മുതൽ പൂതക്കുഴിവരെയുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിലാകുന്നത് പതിവാണ്.
വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ പട്ടണത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.ഇത് ഗതാഗതക്കുരുക്ക് കൂട്ടുന്നതിന് കാരണമാകുന്നു. പേട്ടക്കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഗതാഗതനിയന്ത്രണത്തിനുള്ള സിഗ്നൽ സംവിധാനവും നിർത്തിവെച്ചിരിക്കുകയാണ്. കോട്ടയം-കുമളി റോഡും ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന സ്ഥലത്താണ് സിഗ്നൽ ഏർപ്പെടുത്തിയത്.
എന്നാൽ, കുരുക്ക് വർധിച്ചതോടെ പഞ്ചായത്ത് താത്കാലികമായി സിഗ്നൽ നിർത്തിവെയ്ക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് : കർശന നടപടിയുമായി പോലീസ്
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി പോലീസ്. ബുധനാഴ്ച മുതൽ പട്ടണത്തിൽ വാഹന പാർക്കിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പേട്ടക്കവല മുതൽ കുരിശിങ്കൽ ജങ്ഷൻ വരെ പടിഞ്ഞാറോട്ട് ദേശീയപാതയുടെ ഇടതുവശത്തു പാർക്കിങ് കർശനമായി നിരോധിച്ചു.
ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്ന നോ പാർക്കിങ് ബോർഡുകൾ ജനമൈത്രി പോലീസ് കഴുകി വൃത്തിയാക്കി. ദേശീയ പാതയിൽ നിന്നും ബസ്‌സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡ് വൺവേയായി തുടരും. പുത്തനങ്ങാടിയിൽ നിന്ന് വാഹനങ്ങൾ ദേശീയ പാതയിലെത്താൻ എസ്.ബി.ഐ. ബാങ്കിനു മുന്നിലൂടെയുള്ള വഴിയിലൂടെയോ, തമ്പലക്കാട് റോഡ് വഴിയോ പോകണം.
ടൗണിൽ രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ ആറുവരെയും ഭാരവാഹനങ്ങളുടെ ചരക്ക് കയറ്റിറക്ക് നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളിലേക്കു ലോഡുമായി എത്തുന്ന ലോറികൾ ഈ സമയത്ത് ടൗണിൽ പാർക്കുചെയ്യാൻ പാടില്ല. ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ കിടക്കാതെ കറങ്ങിനടന്ന് ഓട്ടം പിടിക്കുന്നതിനെതിരേയും നടപടി ഉണ്ടാകും. ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്.ബി.ഐ.ക്ക് സമീപമോ, കുരിശിങ്കൽ ജങ്ഷനിലെയോ പേ ആൻഡ് പാർക്ക് ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈ.എസ്.പി.യുടെയും നിർദേശ പ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ.ഷൈജുവിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വ്യാപാരി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ദേശീയ പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളിൽ പോകുന്നവർക്കെതിരേയും നടപടി ഉണ്ടാകും. എസ്.എച്ച്.ഒ. എം.ജെ.ഷൈജു, എസ്.ഐ. എൽദോ പോൾ, ജനമൈത്രി ബീറ്റ് ഓഫീസർ സി.ജി.രാജു എന്നിവർ അറിയിച്ചു.