“അമ്പട ഞാനേ….” ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുവാൻ സാപ്‌സിന്റെ “LOCKED UP FOR GROW UP ”
അപ്രതീക്ഷിതമായി വന്നു ഭവിച്ച കൊറോണ വൈറസ് വ്യാപനവും, തുടർന്നുണ്ടായ ലോക്‌ഡൗണും മൂലം വിദ്യാർത്ഥികൾക്ക് വീടിനുള്ളിൽ പുറത്തിറങ്ങാതെ കഴിയേണ്ടിവന്നുവെങ്കിലും, അതുകൊണ്ടൊന്നും വിദ്യാർത്ഥികളുടെ മനസ്സ് മടുത്തുപോകാതെ, ഊർജ്വസ്വലരായി തുടരുവാൻ “LOCKED UP FOR GROW UP ” എന്ന ഓൺലൈൻ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ രംഗത്തെത്തി. കുട്ടികളിൽ ഉറങ്ങിക്കിടന്നിരുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുവാൻ ആ പദ്ധതിക്ക് കഴിഞ്ഞു ..വളരെ ആവേശത്തോടെയാണ് കുട്ടികൾ ആ പരിപാടിയിൽ പങ്കെടുത്തത്.. പലരുടെയും അനുപമമായ കഴിവുകൾ തിരിച്ചറിയപ്പെട്ടതും ഈ കൊറോണ ലോക്ക് ഡൗൺ കാലത്താണ് .. വീഡിയോ കാണുക
ഓരോ ക്ലാസ്സിലേയും അധ്യാപകർ അവരുടെ ക്ലാസ്സിലെ കുട്ടികളെ ചേർത്ത് വെവ്വേറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. 4500 – ൽ അധികം കുട്ടികൾ പഠിക്കുന്ന സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ, 125 ക്ലാസുകൾ ഉണ്ട്. അതിനാൽ 125 വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് സ്കൂൾ അധികൃതർ ഈ ബഹൃത് പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ കുട്ടിയുമായും നേരിട്ട് ബന്ധപ്പെട്ട് ഓരോ ദിവസവും അവർ വീട്ടിൽ ചെയ്യുന്ന പ്രവൃത്തികളുടെ ഫോട്ടോയും വിഡിയോയും അയക്കുവാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു കുട്ടികൾ വീട്ടിൽ കൃഷി ചെയ്യുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയും, വീട് വൃത്തിയാക്കാനും തുണി കഴുകാനും സഹായിക്കുന്നതിന്റെയും, ഗാർഡനിങ്ങ് തൊട്ട് മരപ്പണി വരെ ചെയ്യുന്നതിന്റെയും, കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിതിന്റെയും , പുസ്തകം വായിക്കുന്നതിന്റെയുമെല്ലാം ഫോട്ടോകളും വിഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. അത് കണ്ട് പരസ്പരം അഭിനന്ദിക്കുവാനും വിവരങ്ങൾ പങ്കുവയ്ക്കുവാനും കൂടുതൽ പ്രവർത്തികൾ ചെയ്യുവാനും ഏവർക്കും ഉത്സാഹമാണ്. അധ്യാപകർ മാർഗനിർദേശങ്ങളുമായി ഓൺലൈനിൽ അവർക്ക് ഒപ്പമുണ്ട്. അതോടെ ലോക്ക് ഡൌൺ മൂലം വീടുകളിലെ മുറികളിൽ തളയ്ക്കപ്പെട്ടിരുന്ന കുട്ടികളുടെ മുഷിപ്പും അലസതയും മാറി അവർ ഉന്മേഷവാന്മാരായി മാറിക്കഴിഞ്ഞു .
കൊറോണ കാലത്ത് വീട്ടിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് ശരണം ടി വി മാത്രമാണ്. എന്നാൽ ടിവി തുറന്നാൽ കാണുന്നതും കേൾക്കുന്നതും എല്ലാം കൊറോണയെപ്പറ്റിയാണ്. കൊറോണ മൂലം ദിവസേന പിടഞ്ഞുവീണു മരിക്കുന്ന മനുഷ്യരുടെ മരവിച്ച കാഴ്ചകൾ കുട്ടികളിൽ ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുണ്ട് . അത്തരം സാഹചര്യങ്ങളിൽ നിന്നും ഒരു മോചനം തേടി പല രക്ഷകർത്താക്കളും സ്കൂൾ അധികൃതരെ സമീപിച്ചപ്പോഴാണ് ഇത്തരമൊരു മോട്ടിവേഷൻ പദ്ധതി ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചത്.
പരീക്ഷ നടക്കാത്തതും, ട്യൂഷനും എൻട്രൻസ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്ക് പോകാൻ പറ്റാത്തതും കുട്ടികളിൽ മാനസിക വിഷമം ഉണ്ടാക്കാറുണ്ട് . അതിനു മാതാപിതാക്കൾ പല പരിഹാര മാർഗ്ഗങ്ങൾ കുട്ടികൾക്ക് നിര്ദേശിക്കാറുണ്ടെങ്കിലും പലപ്പോഴും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നതിനേക്കാൾ വിശ്വാസം അധ്യാപകർ പറയുന്നതാണ്. അതുകൊണ്ട് തന്നെ വീട്ടിൽ കഴിയുന്ന കുട്ടികളുമായി അധ്യാപകർ ഫോണിൽ ബന്ധപ്പെട്ട് അവർക്ക് പഠന കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് സ്കൂൾ അധികൃതർ കരുതുന്നു.
അവധിക്കാലം വെറുതെ കളയാതെ, വീട്ടിരിന്നു കുട്ടികൾക്ക് പഠിക്കുവാനുള്ള ഓൺലൈൻ ക്ലാസുകൾ സ്കൂളിൽ തയാറാക്കി വരുന്നു. വിദ്യാർത്ഥികളെ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർ തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കുകയും, മോക് പരീക്ഷകൾ നടത്തുകയും ചെയ്യുന്നതിനുള്ള സംവിധാനം ഉടൻ പൂർത്തിയാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. സണ്ണി മണിയക്കുപാറ അറിയിച്ചു. ടൈം ടേബിൾ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്‌ക്കുന്നത്തോടെ കുട്ടികൾക്ക് വീട്ടിരിലുന്ന് സ്കൂളിൽ പഠിക്കുന്നതുപോലെ പഠനം നടത്തുവാൻ സാധിക്കും.
സ്കൂളിൽ നിന്നും തയ്യാറാക്കി കുട്ടികൾക്ക് അയച്ചു കൊടുക്കുന്ന ടൈം ടേബിളിൽ രാവിലെ മുതൽ രാത്രി വരെയുള്ള പ്രവർത്തികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഠനത്തിനും, വിനോദത്തിനും, വായനയ്ക്കും, ജോലികൾ ചെയ്യുന്നതിനും, പ്രാർത്ഥനയ്ക്കുമൊക്കെയുള്ള സമയം കുട്ടികൾക്ക് നലകിയിട്ടുണ്ട്. ശാരീരികവും, മാനസികവും, ആത്മീയവുമായ വളർച്ചയ്ക്കുള്ള നിർദേശങ്ങളാണ് ടൈം ടേബിളിൽ ഉള്ളതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ സ്കൂൾ അധികൃതർ കുട്ടികൾക്ക്
സൗജന്യമായി ഓൺലൈനിൻലൂടെ പുസ്തകങ്ങൾ വായിക്കുവാനും, കേൾക്കുവാനും പറ്റിയ ഇന്റർനെറ്റ് ലിങ്കുകൾ അയച്ചു കൊടുക്കുന്നുണ്ട് . ആ ലിങ്കിൽ കൂടി വായിക്കുന്നതും കേൾക്കുന്നതുമായ പുസ്തകങ്ങളുടെ ലഘുവിവരണം എഴുതിയയക്കുവാനും അധ്യാപകർ ആവശ്യപെടുന്നുണ്ട് . അങ്ങനെ കുട്ടികളെ വായനയുടെ വഴിയിലേക്ക് കൊണ്ടുവരുവാനും അധ്യാപകർക്ക് സാധിക്കുന്നുണ്ട് .
സ്കൂൾ പ്പ്രിൻസിപ്പാൾ ഫാദർ സണ്ണി മണിയാക്കുപാറ, വൈസ് പ്രിൻസിപ്പാൾ ഫാദർ മനു കിളികൊത്തിപ്പറ, സ്കൂൾ മാനേജർ ഫാദർ ഡാർവിൻ വാലുമണ്ണേൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മോട്ടിവേഷൻ പ്രോഗ്രാം നടത്തപ്പെടുന്നത്.
പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ, കൊറോണ വൈറസ് മൂലമുണ്ടായ ബിദ്ധിമുട്ടുകൾ മറന്ന്, വളരെ ഊർജ്വസ്വലരായ , ഉന്മേഷവാന്മാരായ കുട്ടികൾ ആയിരിക്കും സ്കൂളിൽ എത്തുന്നത് എന്നുറപ്പുണ്ടെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സണ്ണി മണിയാക്കുപാറ പറയുന്നത് . മാതാപിതാക്കൾ സന്തോഷത്തോടെ അത് ശരിവയ്ക്കുകയും ചെയ്യുന്നു.