ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാഹസിക യാത്ര നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ആൽഫാ വൺ ആംബുലൻസിനും സാരഥികൾക്കും അഭിനന്ദന പ്രവാഹം.

July 19, 2020

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാഹസിക യാത്ര നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ആൽഫാ വൺ ആംബുലൻസിനും സാരഥികൾക്കും അഭിനന്ദന പ്രവാഹം.

കാഞ്ഞിരപ്പള്ളി : പിറന്നുവീണപ്പോൾ തന്നെ ഗുരുതരവസ്ത്ഥയിൽ ആയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ, സാഹസികമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ നിന്നും തമിഴ്നാട്ടിലെ വെല്ലൂർ CMC ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ച കാഞ്ഞിരപ്പള്ളിയിലെ ആൽഫ വൺ ഹൈടെക് ആംബുലൻസിന്റെ സാരഥികൾക്കു അഭിനന്ദന പ്രവാഹം. 

അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ നട്ടെല്ലിനും സുഷുമ്നാ നാഡികൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് അടിയന്തിര ചികിത്സയ്ക്കായി വെല്ലൂരിലെ CMC ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ നിര്ദേശമുണ്ടായത്. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം തമിഴ്നാട് പാസ്സ് കിട്ടുവാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമിഴ്നാട് ആരോഗ്യമന്ത്രി ഡോക്ടർ വിജയ ഭാസ്കറുമായി സംസാരിച്ച് ആബുലൻസിന്റെ സുഗമമായ യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. 

തുടർന്ന് സാഹസികമായ ആ യാത്ര കാഞ്ഞിരപ്പള്ളിയിലെ ആൽഫ വൺ ഹൈടെക് ആംബുലൻസിന്റെ സാരഥികളായ മുക്കൂട്ടുതറ സ്വദേശിയായ പുറ്റുമണ്ണിൽ ലിൽറ്റ് പി. ഡൊമിനിക്കും, പാർട്ണർ ആയ കട്ടപ്പന സ്വദേശി ഇലഞ്ഞിക്കൽ സൂരജ് മാത്യുവും ഏറ്റെടുക്കുകയായിരുന്നു. അടൂരിൽ നിന്നും വൈകിട്ട് കുഞ്ഞുമായി പുറപ്പെട്ട വാഹനം പത്തുമണിക്കൂറിനുള്ളിൽ വെല്ലൂരിൽ സുരക്ഷിതമായി എത്തി ചേർന്നു . തമിഴിനാട്ടിലെ ചെക്ക്പോസ്റ്റുകളിൽ സന്ദേശം നേരത്തെ എത്തിയിരുന്നതിനാൽ, ഒരു തടസ്സവുമില്ലാതെ ഗുരുതരാവസ്‌ഥയിൽ ആയിരുന്ന കുഞ്ഞിനെ വളരെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ കഴിഞ്ഞ വാർത്ത, തമിഴ് ചാനലുകളിലും, പത്രങ്ങളിലും പ്രാമുഖ്യമുള്ള വാർത്തയായിരുന്നു. 

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക സ്വകാര്യ ഹൈടെക് ആംബുലൻസ് ആണ് ആൽഫ വൺ ICU ആംബുലൻസ്. ദേശീയ തലത്തിൽ, എട്ടോളം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 1298 ആംബുലൻസിലെ നഴ്സിംഗ് വിഭാഗത്തിൽ ഒൻപതു വര്ഷങ്ങളോളം ജോലി ചെയ്തിരുന്ന സൂരജ് മാത്യുവും, ലിൽറ്റ് ഡൊമിനിക്കും, സ്വന്തം നാട്ടിലും അത്തരമൊരു ഹൈടെക് ആംബുലൻസ് സർവീസ് തുടങ്ങണം എന്ന ആഗ്രഹത്തിൽ നിന്നാണ് വലിയ തുക മുതൽ മുടക്കി , എല്ലാവിധ ICU സംവിധാനങ്ങളും ഒരുക്കി ആൽഫ വൺ എന്ന ആംബുലൻസ് സർവീസ് കാഞ്ഞിരപ്പള്ളിയിൽ ഒരു വർഷം മുൻപ് ആരംഭിച്ചത്. ബാംഗ്ലൂരിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്സ് പാസ്സയുടെ ഇവർ, ഡൽഹി , ഡെറാഡൂൺ, മീററ്റ് എന്നിവടങ്ങളിൽ മുൻപ് സേവനം ചെയ്തിട്ടുണ്ട്. ആൽഫ വൺ ആംബുലൻസിന്റെ സാരഥികളും, നഴ്സുമാരും ഇവർ തന്നെയാണ്. ഡ്രൈവറായി മഹേഷും ഇവർക്കൊപ്പമുണ്ട്. 

സാധാരണ ആംബുലൻലസുകളെ അപേക്ഷിച്ച്, കൂടുതൽ അവശതയിലുള്ള രോഗികളെ സുരക്ഷതിമായി എത്തിക്കുന്നതിനുതകുന്ന എഎൽഎസ് അഥവാ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസാണ് ആൽഫ വൺ . ആധുനിക ട്രോമ കെയര്‍ ആംബുലൻസ് പോർട്ടൽ വെന്‍റിലേറ്റര്‍, ഓട്ടോമേറ്റഡ് സിപിആര്‍ മെഷീന്‍, ഡിഫൈബ്രിലേറ്റര്‍, ലാറിംഗോ സ്കോപ്പ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ്, പോര്‍ട്ടബിള്‍ സക്ഷൻ പമ്പ് തുടങ്ങി ഇരുപതോളം ഉപകരണങ്ങളാണ് ഈ ആംബുലൻസിൽ ഉള്ളത്. നട്ടെല്ലിന് പരുക്കേറ്റ രോഗികളെ സുരക്ഷിതമായി കൈകാര്യം ചെയ്യുവാനുതകുന്ന സ്പൈൻ ബോർഡും ഈ ആംബുലൻസിലുണ്ട് . 

ഗുരുതരവസ്ഥയിൽ ആയിരിക്കുന്ന രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് ഏറ്റവും സുരക്ഷിതമായി എത്തിക്കുക എന്നുള്ളതും. അതിനാൽ തന്നെ അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളെ ആശുപത്രിയിൽ അടിയന്തിരമായി കൊണ്ടുപോകുന്ന സമയത്ത് ഏറ്റവും സുരക്ഷിതമായ സംവിധാനങ്ങൾ ഉള്ള ആംബുലൻസ് തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഗുരുതരാവസ്ഥയിൽ പെട്ടവരെയും അപകടത്തിൽ പെട്ടവരെയും വിദഗ്ധ ചികിത്സക്കായി സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാനാകാതെ നിരവധി ജീവനുകള്‍ വഴിയിൽ പൊലിയുന്ന സാഹചര്യത്തിലാണ്, എല്ലാത്തരം അടിയന്തിര സാഹചര്യങ്ങളയെയും നേരിടുവാൻ ഉതകുന്ന ഇത്തരം ആംബുലൻസുകളുടെ പ്രസക്തി. ദേശീയ തലത്തിൽ നഴ്സിംഗ് ട്രെയിനിങ് ലഭിച്ചവർ തന്നെയാണ് ആൽഫ വണ്ണിന്റെ സാരഥികളും, നഴ്സും എന്നുള്ളതും അതിലെ യാത്രയിൽ രോഗികൾക്ക് കൂടുതൽ സുരക്ഷിതതം നൽകുന്നുണ്ട് . 

error: Content is protected !!