മെയിൻ റോഡിൽ പത്തിവിരിച്ച് മൂർഖന്റെ വിളയാട്ടം; അപായത്തിൽ പെടാതെ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴ്ക്ക് .

May 12, 2020

മെയിൻ റോഡിൽ പത്തിവിരിച്ച് മൂർഖന്റെ വിളയാട്ടം; അപായത്തിൽ പെടാതെ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴ്ക്ക് .

കാഞ്ഞിരപ്പള്ളി എരുമേലി മെയിൻ റോഡിൽ കൂടി യാത്ര ചെയ്യവേ, അപ്രതീക്ഷിതമായി റോഡിന്റെ നടുവിൽ പത്തി വിരിച്ചു ചീറ്റുന്ന മൂർഖനെ കണ്ട് യാത്രക്കാർ പരിഭ്രമിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്കും, ഒന്നാം മൈലിനും ഇടയിലുള്ള വിജനമായ റോഡിലാണ് രണ്ടു മൂർഖൻ പാമ്പുകൾ യാത്രക്കാരെ ഭീതിയിലാക്കി വിളയാട്ടം നടത്തിയത്. 

രണ്ട് വലിയ മൂർഖൻ പാമ്പുകൾ തമ്മിൽ ഇണ ചേരുകയോ, കൊത്തുണ്ടാക്കുകയോ ആയിരുന്നു അവിടെആ സമയത്ത് നടന്നത്. ഒരു പാമ്പ് റോഡിലും, ഒരെണ്ണം റോഡരികിൽ വളർന്നു നിന്നിരുന്ന കാടിനിടയിലുമായിരുന്നു കിടന്നിരുന്നത്. അതിനാൽ തന്ന റോഡിൽ കിടന്നിരുന്ന ഒരു പാമ്പിനെ മാത്രമേ പലർക്കും പുറത്തുകാണുന്നതിനു സാധിച്ചിരുന്നുള്ളൂ . 

റോഡിൽ പത്തി വിടർത്തി ചീറ്റിയാടുന്ന മൂർഖനെ കണ്ടു ഇരു വശങ്ങളിലൂടെയും വന്ന വാഹനങ്ങൾ നിർത്തിയിട്ടു. ചിലർ ധൈര്യസമേതം കടന്നുപോയെങ്കിലും, മൂർഖൻ അവർക്കു നേരെ ചീറ്റി ഭയപ്പെടുത്തി. ചില വാഹനങ്ങൾ റോഡിൽ നിന്നും തിരിഞ്ഞു പുറകോട്ടു പോകുന്നതും കാണാമായിരുന്നു. റോഡിൽ കിടന്ന മൂർഖൻ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു കയറി പള്ളക്കുള്ളിൽ കിടന്നിരുന്ന രണ്ടാമത്തെ പാമ്പുമായി കൊത്തുന്നതും കാണാമായിരുന്നു. 

കുറെ നേരം കഴിഞ്ഞപ്പോൾ, ഒരു മൂർഖൻ പത്തി താഴ്ത്തി റോഡിൽ കൂടി ഇഴഞ്ഞു മറു ഭാഗത്തേക്ക് പോയി. ആ സമയത്തു, പാമ്പു പോകുന്നത് കണ്ട് ഒരു ഇരുചക്ര വാഹനം തിടുക്കത്തിൽ കൂടുതൽ സുരക്ഷിതമായി പോകുവാൻ വേണ്ടി പാമ്പു പോയ വശത്തിന്റെ എതിർ വശത്തേക്ക് ചേർത്താണ് വണ്ടി ഓടിച്ചത്. എന്നാൽ അവിടെ പൊന്തയ്ക്കുള്ളിൽ, റോഡിൽ കൂടി ഇഴഞ്ഞു പോയ മൂർഖനെക്കാൾ വലിയ മറ്റൊരു മൂർഖൻ കലിയിളകി കിടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് കൊടുക്കുന്നതിനു മുൻപുതന്നെ ആ ബൈക്ക് യാത്രക്കാരൻ ആ സ്ഥലവും പിന്നിട്ടു മുൻപോട്ടു പോയിരുന്നു. എതിർ വശത്തുനിന്നും വന്ന ഓട്ടോക്കാരനും, ആദ്യം പോയ പാമ്പിൽ നിന്നും ഏറെ സുരക്ഷിതമായ ദൂരം പാലിക്കുവാൻ, രണ്ടാമത്തെ പാമ്പു കിടന്നിരുന്ന വശത്തേക്ക് ചേർത്തുകൊണ്ടാണ് വണ്ടി ഓടിച്ചുമാറിയത്. 

എന്തായാലും, കലിയിളകി കിടക്കുന്ന ഒരു മൂർഖന്റെ വായിൽ പെടാതെ വലിയ അപകടത്തിൽ നിന്നാണ് രണ്ടു വാഹനങ്ങളിലെയും യാത്രക്കാർ ഭാഗ്യത്തിന് രക്ഷപെട്ടത്. ഒരു പാമ്പിന്റെ കൂടെ ഇണപാമ്പും കാണും എന്നതോർക്കാതെ, തിടുക്കത്തിൽ പോകുന്നതിനുവേണ്ടി പലരും ഇത്തരം അബദ്ധങ്ങൾ പലപ്പോഴും ചെയ്യാറുണ്ട്. 

നേരെ കിടക്കുന്ന റോഡയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടയുള്ള വാഹനങ്ങൾ പതിവിലും കൂടുതൽ സ്പീഡ് എടുക്കുന്ന സ്ഥലമായിരുന്നു അത്. മൂർഖൻ റോഡിൽ ഇറങ്ങിയ സമയത്ത് ഇരുവശങ്ങളിലും ആദ്യം എത്തിയത് വലിയ വാഹനങ്ങൾ ആയിരുന്നതിനാൽ പാമ്പിനെ മുൻപിൽ കണ്ട് സുരക്ഷിതമായി റോഡിൽ നിർത്തുവാൻ സാധിച്ചു . എന്നാൽ ആ സമയത്ത് ആദ്യം എത്തിയത് ഇരുചക്ര വാഹനങ്ങൾ ആയിരുന്നതെങ്കിൽ, പെട്ടെന്ന് മുൻപിൽ പത്തിവിരിച്ചാടുന്ന മൂർഖനെ കണ്ടിരുന്നെങ്കിൽ, പരിഭ്രമിച്ചു അപകടത്തിൽ പെടുമായിരുന്നു. ഇതിനു മുൻപും ആ ഭാഗത്തു മൂർഖൻ പാമ്പുകൾ പല യാത്രക്കാരെയും ഭയപെടുത്തിയതായി അറിയുന്നു. 

ഇരുവശവും പൊന്തക്കാടുകൾ പടർന്നു പിടിച്ചുകിടക്കുന്ന റോഡിന്റെ ആ ഭാഗത്ത് ഒരു വശത്തു പൈനാപ്പിൾ തോട്ടവും, മറുവശത്തു റബ്ബർ തോട്ടവുമാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം കൃഷിയിടങ്ങളിൽ ആൾപെരുമാറ്റം ഇല്ലാത്തതിനാൽ പലയിടത്തും പാമ്പുകൾ പോലെയുള്ള ഇഴജന്തുക്കൾ ധരാളമായി പുറത്തിറങ്ങുന്നുണ്ട്. ലോക്ഡൗണിൽ മനുഷ്യർ‌ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും പാമ്പുകൾ നാട്ടിലൂടെ സ്വൈര്യവിഹാരം നടത്തുകയാണ്.

കാൽനടയാത്രക്കാർ ഉൾപ്പെടെ നിരവധി യാതക്കാർ ദിവസവും കടന്നുപോകുന്ന റോഡ് ആയതിനാൽ, അടിയന്തിരമായി അധികാരികൾ റോഡിന്റെ ഇരുവശത്തേയും പൊന്തക്കാടുകൾ വെട്ടിത്തെളിക്കുവാൻ നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ആ ഭാഗത്ത് കൂടുതൽ മൂർഖൻ പാമ്പുകളെ കാണുന്നതിനാൽ, പാമ്പുപിടുത്തക്കാരെ കൊണ്ടുവന്നു വിഷപ്പാമ്പുകളെ പിടിച്ചു ജനങ്ങൾക്ക് സുരക്ഷിതത്വം നൽകണമെന്നും നാട്ടുകാർ ഏകസ്വരത്തിൽ ആവശ്യപെടുന്നു. 

error: Content is protected !!