തമിഴ്‌നാട്ടിലുണ്ടോ ജെസ്‌ന, വിവാഹിതയോ?; രാജ്യം വിട്ടെന്നും സംശയം: നീളും ദുരൂഹത

തിരുവനന്തപുരം∙ ഒരാഴ്ച മുന്‍പാണ് സിബിഐയുടെ കൊച്ചി യൂണിറ്റ് ഒരു പെൺകുട്ടിയെക്കുറിച്ച് വിവരം തേടി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. പത്തനംതിട്ട സ്വദേശി ജെസ്ന മറിയ ജെയിംസിനെക്കുറിച്ച് എന്തെങ്കിലും വിവരം തരുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നായിരുന്നു നോട്ടിസിൽ വ്യക്തമാക്കിയിരുന്നത്.

മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ടമുടി, നെറ്റിയുടെ വലതു വശത്ത് കാക്കപ്പുള്ളി, കണ്ണട ധരിച്ചിട്ടുണ്ട്, പല്ലിൽ കമ്പിയിട്ടിട്ടുണ്ട്– ജെസ്നയെക്കുറിച്ചുള്ള വിശദമായ വിവരണം നോട്ടിസിലുണ്ട്. ഈ വിവരണങ്ങൾ നൽകി ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചിട്ടും കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്നയെ (23) കണ്ടെത്തായാനില്ല.

jesna-maria-james-2
ജെസ്ന മറിയ ജെയിംസ്

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പൊലീസ് സംഘം പല തവണ ജെസ്നയെ തേടിയെങ്കിലും ഫലമുണ്ടായില്ല. പ്രശസ്ത കുറ്റാന്വേഷകനായ കെ.ജി.സൈമൺ പത്തനംതിട്ട എസ്പി ആയതോടെ കേസ് തെളിയുമെന്ന പ്രതീക്ഷയുണ്ടായി. ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന സൂചനയാണ് സൈമൺ പങ്കുവച്ചത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും അന്വേഷണ സംഘം ജെസ്നയുടെ അരികിൽ എത്തിയെന്ന സൂചനയാണ് നൽകിയത്. പക്ഷേ, കാണാതായി 4 വർഷം പിന്നിടുമ്പോഴും ജെസ്നയെ ഒരു അന്വേഷണ സംഘത്തിനും കണ്ടെത്താനാകുന്നില്ല.

2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങുന്നത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല.

jesna-maria-james-3
ജെസ്ന മറിയ ജെയിംസ്

വീട്ടിലും ജെസ്ന പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. മുണ്ടക്കയത്തെ നീരീക്ഷണ ക്യാമറയില്‍ ജെസ്നയോട് സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീട് വ്യക്തമായി.

അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പലയിടത്തുനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 2018 മേയ് 27ന് അന്നത്തെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.

പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷനല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറായും ആണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും അതു ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു വിമാനത്താവളത്തിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പല തവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് കെ.ജി.സൈമൺ പത്തനംതിട്ട എസ്പിയായി എത്തുന്നത്. അദ്ദേഹം അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷ വർധിച്ചു. ജെസ്നയുടെ വീട്ടിലെത്തി സൈമൺ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തുടരന്വേഷണത്തിൽ പ്രതിസന്ധിയുണ്ടായി. കെ.ജി.സൈമണിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ജെസ്ന തിരോധാനക്കേസിൽ കുടുംബത്തിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞത്.

‘കേസിൽ വളരെയധികം പുരോഗതിയുണ്ടായ സമയത്താണ് കോവിഡ് വന്നത്. അത് അന്വേഷണത്തെ ബാധിച്ചു. ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ അന്വേഷണത്തിനു പോകാൻ കഴിയാതെ വന്നു. ജെസ്ന പോയ വാഹനം തിരിച്ചറിഞ്ഞപ്പോഴായിരുന്നു കോവിഡ്’– ടോമിൻ ജെ.തച്ചങ്കരി അന്ന് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. കെ.ജി. സൈമൺ സർവീസിൽനിന്ന് വിരമിക്കുകയും തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറുകയും ചെയ്തതോടെ അന്വേഷണം നിലച്ചുതുപോലെയായി. 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐയെ കേസ് എൽപിക്കുന്നത്. അവരും മാസങ്ങളായി ജെസ്നയെ തേടി അലയുന്നു.

കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറല്ല. ജെസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയാണ് അവരുടെ വാക്കുകളിൽനിന്ന് ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കു പോയി വിവാഹിതയെന്നും ഒരു കുട്ടിക്ക് ജൻമം നൽകിയെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. ജെസ്നയുമായി സാമ്യമുള്ള ഒരു യുവതിയുടെ വിവരം തമിഴ്നാട്ടിൽ താമസക്കാരനായ മലയാളി ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. അവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കോവിഡ് വന്നത്. പിന്നീട് അന്വേഷണ സംഘം അവിടെ എത്തിയപ്പോൾ ആ യുവതി താമസം മാറിയിരുന്നു.

ജെസ്ന രാജ്യം വിട്ടെന്ന സംശയം സിബിഐയ്ക്കുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. യാത്രക്കാരുടെ വിവരങ്ങൾ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ശേഖരിക്കുന്നുണ്ട്. തമിഴ്നാട് യൂണിറ്റുമായി ചേർന്നും വിവരങ്ങൾ തേടുന്നു. സിബിഐ അന്വേഷണത്തിലെങ്കിലും ജെസ്നയെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

error: Content is protected !!