ഗതാഗത ലംഘനങ്ങൾ കണ്ടെത്തി കൈയോടെ പിടിക്കുവാൻ അത്യാധുനിക നിരീക്ഷണ ക്യാമറകൾ കാഞ്ഞിരപ്പള്ളിയിലും പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: ഗതാഗത ലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടെ 44 സ്ഥലങ്ങളിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത് . നിലവിൽ ട്രയൽ റണ്ണായി ക്യാമറകൾ പ്രവർത്തിപ്പിക്കുകയാണ്. രണ്ടാഴ്ചയ്ക്കുശേഷമാകും പിഴ ഈടാക്കൽ നടപടികളിലേക്ക് കടക്കുന്നത്.

ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരും ഹെൽമെറ്റ് ധരിക്കാതിരിക്കുക, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയുള്ള യാത്ര, തുടങ്ങിയ കുറ്റകൃത്യങ്ങൾ ക്യാമറകണ്ണിലൂടെ കുടുക്കി പിഴ ശിക്ഷ നോട്ടീസ് വാഹന ഉടമയിലേക്ക് എത്തും.

മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറയിൽ കുറ്റകൃത്യം തെളിയിക്കുന്ന ചിത്രമടങ്ങിയ നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടർ വാഹന വകുപ്പിന്റെ കോട്ടയം തെള്ളകത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിലേക്ക് അയയ്ക്കും. ഇവിടെ നിന്നു തപാൽ വഴി നോട്ടിസ് വാഹന ഉടമകൾക്ക് ലഭിക്കും. പിഴ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്.

സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ ക്യാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങൾ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങൾ വർധിച്ചതായും ബോധ്യപ്പെട്ടാൽ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് ക്യാമറകൾ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ അയയ്ക്കുന്നത്.

പിഴ ഇങ്ങനെ :
• ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ 500 രൂപ. (പിന്നിലിരിക്കുന്നവർക്കും ബാധകം)

• മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്താൽ 1000 രൂപ. (4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും)

• വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ.

• സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 500 രൂപ.

• നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാൽ 5000 രൂപ.

• നമ്പർ പ്ലേറ്റ് ക്രമക്കേട് 2,000 മുതൽ 5,000 വരെ.

• അമിതവേഗം 1,500 മുതൽ 5,000 വരെ.

നിയമ ലംഘനങ്ങൾ കണ്ടെത്തി തിരിച്ചറിയുന്ന നിർമിത ബുദ്ധി ക്യാമറകൾക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകൾ കെൽട്രോൺ നേരിട്ട് സ്ഥാപിച്ചതാണ്. 8 വർഷം അറ്റകുറ്റപ്പണികൾ കെൽട്രോൺ ആണ് നിർവഹിക്കുന്നത്. പിഴയായി ലഭിക്കുന്ന പണം നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. ജീവനക്കാരെ നിയമിക്കുന്നതും കെൽട്രോൺ ആണ്.

error: Content is protected !!